
ദുബൈ: യു എ ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി യുവതിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മകളും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദിന്റെ ഭാര്യയുമായ ഷഫീന യൂസഫലിയാണ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി.

രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാര്‍ത്തിയ 50 വനിതകളെയാണ് ഖലീജ് ടൈംസ് പവര്‍ വുമണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യു എ ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, എമിറാത്തി ഒളിംപ്യന്‍ ഉള്‍പ്പെടെ 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഷഫീന യൂസുഫലി ഉള്‍പ്പെടെ മൂന്നു പേര്‍ ഇന്ത്യക്കാരാണ്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവര്‍ വുമണ്‍’ പട്ടിക ദുബായില്‍ നടന്ന ചടങ്ങില്‍ പ്രസിദ്ധീകരിച്ചത്.
യു എ ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു എ ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുല്ല അല്‍ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. അമല്‍ എ അല്‍ ഖുബൈസി, യു എ ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് ആദ്യ റാങ്കില്‍ ഉള്ളത്. ഐ സി എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മോന അല്‍ മാരി, എമിറാത്തി ഒളിംപ്യന്‍ ഷോജംപര്‍ ശൈഖ ലത്തീഫ ബിന്‍ത് അഹമ്മദ് അല്‍ മക്തൂം തുടങ്ങിയവരും പട്ടികയില്‍ ഇടം നേടി.
ഷഫീന യൂസഫലിക്ക് പുറമേ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയില്‍ സ്ഥാനം നേടിയ മറ്റ് ഇന്ത്യക്കാര്‍. റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമാണ് ഷഫീന യൂസഫലി
ബിസിനസിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരന്‍മാര്‍ക്ക് പിന്തുണ നല്‍കിയാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗള്‍ഫിലെയും കാലകാരന്‍മാര്‍ക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങള്‍ ലഭ്യമാക്കിയുമാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവിന്റെ പ്രവര്‍ത്തനം.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി യു കെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശായില്‍ നിന്നും എം ബി എയും കേംബ്രിഡ്ജ് സര്‍വ്വകലാശയില്‍ നിന്നും ആര്‍ട്ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം പി എച്ച് ഡിയും ചെയ്തുവരുന്നു.

