

ദോഹ: റോഡ് സുരക്ഷാ സൂചകങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ വെളിച്ചത്തില്‍ ഗതാഗത സുരക്ഷയില്‍ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് ബിന്‍ ജാസിം അല്‍താനി സ്ഥിരീകരിച്ചു.

ട്രാഫിക് സംവിധാനത്തിലെ നിയുക്ത അധികാരികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് ട്രാഫിക് വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് പത്രക്കുറിപ്പില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് പറഞ്ഞു. റോഡുകള്‍, ഗതാഗത നയങ്ങള്‍ ശക്തിപ്പെടുത്തല്‍, രൂപപ്പെടുത്തല്‍, വികസിപ്പിക്കല്‍ എന്നിവ അപകടങ്ങളുടെയും ഗതാഗത ലംഘനങ്ങളുടെയും നിരക്കില്‍ കുറവുണ്ടാക്കുകയും അത്തരം അപകടങ്ങളുടെ ഫലമായുണ്ടാകുന്ന അപകട മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും എണ്ണത്തിലും കുറവുണ്ടാക്കുകയും ചെയ്തു.

കൈവരിച്ച ഫലങ്ങള്‍ ട്രാഫിക് സേഫ്റ്റി മാനേജ്മെന്റ് രംഗത്ത് ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റുകയും മേഖലയിലെ രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കുകയും ചെയ്തതായി അദ്ദേഹം വിലയിരുത്തി.

