

തുണിസ്: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നജ്‌ല ബൗദന്‍ റൊംദാനെയെ പ്രസിഡന്റ് ഖൈസ് സെയ്ദ് പ്രഖ്യാപിച്ചു. തുണീഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. ലോകബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന റൊദാനെ തുണീഷ്യയിലെ ദേശീയ എന്‍ജിനിയറിംഗ് സ്‌കൂളില്‍ അധ്യാപികയുമായിരുന്നു.

ജൂലൈ മാസത്തില്‍ തന്റെ അധികാരപരിധി വ്യാപിപ്പിച്ച പ്രസിഡന്റ് ഖൈസ് സെയ്ദ് മുന്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കുകയും പാര്‍ലമെന്റ് താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആഭ്യന്തരമായും അന്തര്‍ദേശീയമായും സമ്മര്‍ദ്ദം വര്‍ധിച്ചതോടെയാണ് റൊംദാനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് പ്രഖ്യാപിച്ചത്.


പുതിയ സര്‍ക്കാര്‍ വേഗത്തില്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രസിഡന്റിനെ ഓഫിസിലെത്തി റൊംദാനെ സന്ദര്‍ശിച്ചു.
തുണീഷ്യയ്ക്കുള്ള ബഹുമാനവും തുണീഷ്യന്‍ വനിതകളോടുള്ള ആദരവുമാണ് വനിതയെ പ്രധാനമന്ത്രിയാക്കിയതിലൂടെ വ്യക്തമാക്കുന്നതെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പല മേഖലകളിലും വ്യാപിച്ച അഴിമതിയും അരാജകത്വവും അവസാനിപ്പിക്കുകയാണ് പുതിയ സര്‍ക്കാറിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും തുണീഷ്യക്കാരുടെ എല്ലാ ആവശ്യങ്ങളോടും അന്തസ്സിനോടും പുതിയ സര്‍ക്കാര്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈറോനില്‍ നിന്നുള്ള 63കാരിയായ റൊംദാന്‍ ജിയോളജിക്കല്‍ എന്‍ജിനിയറിംഗില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

