

ദോഹ: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021ന് അയ്യായിരം വളണ്ടിയര്‍മാര്‍ സേവനം അനുഷ്ഠിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന് കീഴിലെ 16 ടീമുകളാണ് ഫിഫ അറബ് കപ്പില്‍ ഏറ്റുമുട്ടുക.

കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച അറബ് കപ്പ് വളണ്ടിയര്‍ റജിസ്‌ട്രേഷനില്‍ 55,989 അപേക്ഷകളാണ് ലഭിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സുപ്രിം കമ്മിറ്റിയുടെ വളണ്ടിയര്‍ സ്ട്രാറ്റജി മാനേജര്‍ നാസര്‍ അല്‍ മുബൈസീബ് പറഞ്ഞു. ലഭ്യമായ അപേക്ഷകളില്‍ നിന്നും 36167 എണ്ണം റജിസ്‌ട്രേഷനായി തെരഞ്ഞെടുക്കപ്പെടുകയും അവയില്‍ നിന്നും 9603 പേര്‍ അവസാന പട്ടികയില്‍ ഇടം പിടിക്കുകയുംചെയ്തു. അറുപത് ദിവസം നീണ്ടുനിന്ന നടപടി ക്രമങ്ങളുടെ ഭാഗമായി പ്രതിവാരം 80 അഭിമുഖങ്ങള്‍ വീതം നടത്തിയാണ് അവസാന പട്ടികയിലെത്തിയത്.

തെരഞ്ഞെടുക്കപ്പെട്ട അയ്യായിരം പേരേയും തൊഴിലവസ്ഥകളേയും മറ്റു സാധ്യതകളേയും പരിഗണിച്ച് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 350 പേര്‍ ഖത്തറിന് പുറത്തുള്ളവരാണ്. അവരില്‍ ചിലര്‍ 2018ലെ റഷ്യന്‍ ലോകകപ്പില്‍ വളണ്ടിയര്‍ സേവനം നിര്‍വഹിച്ചവരുമാണ്.

