

‘ഒരു കലാകാരന്‍ അവന്റെ തലച്ചോറുകൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്, കൈവിരല്‍ കൊണ്ടല്ല’ പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ ഈ വാക്കുകളോട് നീതി പുലര്‍ത്തുന്ന സൃഷ്ടികളുമായി ചിത്രരചനയില്‍ ചരിത്രം സൃഷ്ടിക്കുന്നു റോഷ്‌നി ടീച്ചര്‍.


വര്‍ണ്ണക്കൂട്ടുകളില്‍ ചാലിച്ച ഛായത്തില്‍ കരവിരുതുകളാല്‍ വിസ്മയം തീര്‍ക്കുന്ന ചിത്രകലാ അധ്യാപിക റോഷ്‌നി കൃഷ്ണ തന്റെ നൂതനമായ ചിന്തകളെ വ്യത്യസ്തതയാര്‍ന്ന ആവിഷ്‌ക്കാരത്തിലൂടെ ക്യാന്‍വാസിലാക്കി ചിത്രരചന കലാ രംഗത്ത് തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ കലാകാരിയാണ്.

രണ്ടു പതിറ്റാണ്ട് നീണ്ട റോഷ്‌നി ടീച്ചറുടെ കലാ സപര്യയില്‍ വിരിഞ്ഞത് വര്‍ണങ്ങളുടെ മായാപ്രപഞ്ചം തീര്‍ത്ത നൂറ് കണക്കിന് അപൂര്‍വ്വ സൃഷ്ടികളാണ്.
ലൈവ് ആര്‍ട്ട് പെര്‍ഫോര്‍മര്‍ കൂടിയായ റോഷ്‌നി ടീച്ചര്‍ ദോഹയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി ദോഹ പോഡര്‍ സ്‌കൂളില്‍ ചിത്രകലാ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന റോഷ്‌നി കൃഷ്ണ ഖത്തറില്‍ നിരവധി വേദികളില്‍ തന്റെ കലാ സൃഷ്ടികളുടെ പ്രദര്‍ശനവും ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സും കാഴ്ചവെച്ചിട്ടുണ്ട്.
മ്യൂറല്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിംഗ്‌സ്, ഫാബ്രിക്ക് പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍സ് എന്നീ മേഖലകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുള്ള റോഷ്‌നി കൃഷ്ണ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ അവര്‍ ഇരിക്കുന്ന വേദിയില്‍ വച്ച് തന്നെ അഞ്ചുമിനിറ്റിനകം വരച്ച് അവിടെ വച്ച് തന്നെ അവര്‍ക്ക് സമ്മാനിക്കുന്ന അപൂര്‍വ്വം കലാകാരികളില്‍ ഒരാളാണ്.
തന്റെ മാസ്റ്റര്‍ പീസ് ഇനമായ ലൈവ് ആര്‍ട്ട് രചനയിലൂടെ പ്രശസ്ത വ്യക്തികളില്‍ നിന്നും ധാരാളം പ്രശംസയും സമ്മാനങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുള്ള റോഷ്‌നി ടീച്ചര്‍ തനിക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി സഹജീവികളോട് സഹാനുഭൂതി പ്രകടമാക്കുന്ന മനുഷ്യ സ്‌നേഹിയായ കലാകാരിയാണ്.

ദോഹ കത്താറ ആര്‍ട്ട് എക്‌സിബിഷന്‍, തിരുവനന്തപുരം മ്യൂസിയം എക്‌സിബിഷന്‍, വൈലോപ്പിള്ളി സംസ്‌കൃതി എക്‌സിബിഷന്‍ തുടങ്ങിയ പ്രശസ്ത ചിത്രകലാ പ്രദര്‍ശന മേളകളില്‍ തന്റെ സൃഷ്ടികളുടെ പ്രദര്‍ശനം നടത്തിയിട്ടുള്ള ടീച്ചര്‍ കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ രചനകളില്‍ വിദഗ്ധയാണ്.
മ്യൂറല്‍ പെയിന്റിംഗും ലൈവ് ആര്‍ട്ട് പെര്‍ഫോമിംഗ് പാഷനായി കൊണ്ടുനടക്കുന്ന ഈ കലാകാരി പ്രശസ്ത വ്യക്തികള്‍ക്കും ആവശ്യപ്പെടുന്നവര്‍ക്കും വേണ്ടി അവരുടെ ഇമേജുകള്‍ പെന്‍സില്‍ ഡ്രോയിംഗില്‍ തീര്‍ത്ത് നല്‍കാറുണ്ട്.
കത്താറ ആര്‍ട്ട് ഗാലറിയിലെ സജീവ അംഗമായ രോഷ്‌നി ടീച്ചര്‍ നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ്. നീണ്ട പതിനാലുവര്‍ഷത്തെ ചിത്രകലാ അധ്യാപനത്തിലും കലാ സൃഷ്ടികളുടെ മേന്മയിലുമുള്ള അംഗീകാരവുമായി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും റോഷ്‌നി ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും കേരള സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമയും മള്‍ട്ടിമീഡിയ ഡിപ്ലോമ, മ്യൂറല്‍ ആര്‍ട്‌സില്‍ ഡിപ്ലോമകളും നേടിയിട്ടുള്ള റോഷ്‌നി കൃഷ്ണ മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ വികാര വിചാര ഭാവങ്ങളെ പ്രകൃതിയുടെ ഭാവങ്ങളുമായി ചേര്‍ത്ത് വര്‍ണത്തില്‍ ചാലിച്ച തന്റെ ആവിഷ്‌ക്കാരങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ജീവന്‍ നല്‍കി അനുവാചകന്റെയും ആസ്വാദകന്റേയും ചിന്തകളെ ഉണര്‍ത്തുന്ന കലാകാരി കൂടിയാണ്.
ആരാധനാ മൂര്‍ത്തികളേയും പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളേയും ക്യാന്‍വാസില്‍ പകര്‍ത്തുന്ന റോഷ്‌നി ടീച്ചര്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ രൂപം കൊള്ളുന്ന പുതിയ ചിന്തകളെ വര്‍ണ്ണങ്ങളുടെ കൂട്ടു പിടിച്ച് പുതിയ സൃഷ്ടികളിലൂടെ ആവിഷ്‌ക്കരിച്ച് തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്താനുള്ള പണിപ്പുരയിലാണ്.
ദോഹയിലെ പ്രവാസ സമൂഹത്തില്‍ അരങ്ങേറുന്ന അനവധി കലാമത്സരങ്ങളിലും ചിത്രരചനാ മത്സരങ്ങളിലും സ്ഥിരം വിധികര്‍ത്താവായി വിളങ്ങി നില്‍ക്കുന്ന റോഷിനി ടീച്ചര്‍ തന്റെ ചിന്തകളുടെ ആവിഷ്‌ക്കാരങ്ങള്‍ ഛായക്കൂട്ടുകളില്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ തീര്‍ത്ത സൃഷ്ടികളാക്കി തന്റെ ശേഖരത്തിലെ സൂക്ഷിപ്പുകള്‍ സമ്പന്നമാക്കുന്ന പ്രതിഭ കൂടിയാണ്.
ചുമര്‍ ചിത്രങ്ങളുടെ രചനയില്‍ (മ്യൂറല്‍ പെയിന്റിംഗ്‌സ്) പ്രത്യേക പ്രാവിണ്യവും അഭിരുചിയുമുള്ള റോഷ്‌നി കൃഷ്ണയുടെ ചുമര്‍ ചിത്രങ്ങള്‍ പോഡര്‍ സ്‌കൂളിലുള്‍പ്പെടെ ദോഹയിലെ പല പ്രമുഖ സ്ഥലങ്ങളിലെ വ്യാപാര വ്യവസായ സമുച്ചയങ്ങളുടെ ചുമരുകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
ജൂണ്‍ മാസത്തില്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലുള്‍പ്പെടെ ഖത്തറിലെ മൂന്ന് പ്രധാന കേന്ദങ്ങളില്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ലൈവ് ആര്‍ട്ട് പെര്‍ഫോര്‍മന്‍സും സംഘടിപ്പിച്ചിക്കുന്നുണ്ട് റോഷ്‌നി ടീച്ചര്‍.


