
ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഗള്‍ഫ് ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഒ ഐ സി സി ഖത്തര്‍ പ്രതിനിധി സംഘം പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനും എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ എം പിക്ക് സമഗ്രമായ ഒരു
ഹര്‍ജി സമര്‍പ്പിച്ചു.

ഒ ഐ സി സി ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് ജൂട്ടസ് പോള്‍, വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ വടക്കേക്കാട്, ജനറല്‍ സെക്രട്ടറി ശ്രീജിത് എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന പ്രതിനിധി സംഘം, കുവൈറ്റ് ഒ ഐ സി സി സംഘടിപ്പിച്ച പ്രഥമ രാജീവ് ഗാന്ധി പുരസ്കാര ചടങ്ങ് വേണുപൂര്ണ്ണിമ 2025ല്‍ പങ്കെടുത്ത അവസരത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരപരിഗണനയില് കൊണ്ടുവരുമെന്നും താന്‍ വ്യക്തിപരമായി പാര്‍ലമെന്റിലും അനുബന്ധ മന്ത്രാലയങ്ങളിലും അവയെ ഉന്നയിക്കുമെന്നും വേണുഗോപാല്‍ എം പി ഉറപ്പ് നല്കി.
ഇന്ത്യഗള്‍ഫ് തടവുകാര്‍ കൈമാറ്റ കരാറുകള്‍ നടപ്പാക്കല്‍, വിദേശത്ത് ജനിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വദേശീയത പ്രശ്നങ്ങള്‍ക്ക് പരിഹാരം, പ്രത്യേക പ്രവാസി ക്ഷേമപുനരധിവാസ ഫണ്ട് രൂപീകരണം, ഗള്‍ഫ് രാജ്യങ്ങളില്‍ സൗജന്യ നിയമ സഹായം ഉറപ്പാക്കല്‍, പ്രവാസികള്‍ക്ക് നയനിര്‍ണയത്തില്‍ പ്രതിനിധാനം നല്കുന്ന ഉപദേശക കൗണ്‍സില്‍, പ്രവാസി വോട്ടവകാശം താമസിക്കുന്ന രാജ്യത്ത് നിന്ന് വിനിയോഗിക്കാനുള്ള സംവിധാനം, അവധി സീസണുകളില്‍ വിമാന ടിക്കറ്റുകളുടെ അമിത നിരക്ക് നിയന്ത്രിക്കല്‍ തുടങ്ങിയവയാണ് സമര്‍പ്പിച്ച പ്രധാന വിഷയങ്ങള്‍.
പ്രവാസികളുടെ സംഭാവനകളും അവര്‍ക്കുള്ള ബാധ്യതകളും രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവയുടെ പരിഹാരത്തിനായി പാര്‍ലമെന്റില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

