
ദോഹ: കോര്‍പറേറ്റ് മാധ്യമ ഭീമന്മാരില് നിന്നുമാണ് മാധ്യമ ലോകത്തിന് ഏറ്റവും വലിയ ഭീഷണി നേരിടേണ്ടി വരുന്നതെന്ന് ഇന്ത്യന്‍ മീഡിയ ഫോറം സൗഹൃദ സദസ്സില്‍ എം വി നികേഷ് കുമാറും ശരത് ചന്ദ്രനും പറഞ്ഞു. സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറില്‍ ഖത്തറിലെത്തിയതായിരുന്നു ഇവര്‍.

സത്യസന്ധമായ മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് കോര്‍പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ നിരാശപ്പെടേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍ ഏതെങ്കിലും മാധ്യമം പുറംലോകത്ത് അറിയിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിനുള്ള നിരവധി വഴികള്‍ ഇപ്പോഴുണ്ടെന്നും എം വി നികേഷ് കുമാര്‍ പറഞ്ഞു. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള് വലിയ ലോകമാണ് തുറക്കുന്നതെന്നും ഏതു രീതിയിലും തങ്ങളുടെ വാര്‍ത്തകള്‍ സമൂഹത്തിന് മുമ്പിലെത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് പേരെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും ശ്രദ്ധ ആകര്ഷിക്കാനാവും. മാധ്യമലോകത്തെ ഭീഷണികളെ മറികടക്കാനുള്ള അവസരങ്ങളും പുതിയ കാലത്തുണ്ട്.
മാധ്യമ പ്രവര്‍ത്തന രംഗത്തെത്തുന്ന പുതിയ തലമുറയുടെ പരിചയക്കുറവും ഏതെങ്കിലുമൊരു വിഷയത്തില്‍ വ്യക്തമായ അറിവ് ഇല്ലാത്തതും നിലവില്‍ വലിയ പ്രശ്നമായി മുമ്പിലുണ്ടാകുന്നുണ്ട്. ഏതെങ്കിലുമൊരു പുതിയ ആള് ചെയ്യുന്ന അബദ്ധത്തിന് പ്രസ്തുത മാധ്യമമാണ് വില നല്‍കേണ്ടി വരുന്നത്.
ഒരു വാര്‍ത്ത ഏതെങ്കിലുമൊരു മാധ്യമത്തിന് മുമ്പിലെത്തുമ്പോള്‍ ആദ്യം നമ്മളത് കൊടുക്കണമെന്ന രീതി സത്യസന്ധതയേയും വിശ്വാസ്യതയേയും ബാധിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളും മാധ്യമ ലോകം നേരിടുന്ന വലിയ വെല്ലുവിളികളായി തോന്നുന്നുണ്ട്.
എല്ലായിടത്തും സംഭവിച്ച നിരവധി അപചയങ്ങള്‍ മാധ്യമ രംഗത്തും സംഭവിച്ചിട്ടുണ്ടാകും. അത് കാലത്തിന്റെ മാറ്റമാണെന്നും അവര്‍ പറഞ്ഞു.
മാധ്യമ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് മാറിയെങ്കിലും ഇനിയൊരിക്കല്‍ കൂടി മാധ്യമ ലോകത്തേക്ക് മാറാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ജീവനും ജീവിതവും ഇനിയും ബാക്കിയുണ്ടല്ലോ എന്നും പൂര്‍ണമായും മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് പറയുന്നില്ലെന്നും ഒരു മൊബൈലും ഇന്റര്നെറ്റുമുണ്ടായാല് ഇതൊക്കെ ചെയ്യാമല്ലോ എന്നും എം വി നികേഷ് കുമാര്‍ പറഞ്ഞു. താനിപ്പോഴും മാധ്യമ രംഗത്ത് സജീവമായി നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ രീതിയിലും ശൈലിയിലും അവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. മലയാളികള്‍ക്കൊപ്പം നിന്നും സേവന മനോഭാവത്തോടെയുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ നിര്‍വഹിക്കുന്നത്. തന്റെ ജോലിയേക്കാള്‍ വലിയ സേവനമായാണ് അവര്‍ മാധ്യമ പ്രവര്‍ത്തനത്തെ കാണുന്നത്.
ഗള്‍ഫ് ലോകത്തെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളോടൊപ്പം മാര്‍ക്കറ്റിംഗ് കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നും അത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന് പരുമല അധ്യക്ഷത വഹിച്ചു. ആര് ജെ രതീഷ് നന്ദി പറഞ്ഞു.

