
തിരുവനന്തപുരം: അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും പൊതുവിദ്യാഭ്യാസ രംഗത്തെ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിതിരെയും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6ന് തിങ്കളാഴ്ച തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. അധ്യാപകരെയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എ ടി എഫ് സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച അവകാശ പ്രത്രികയിലെ ആവശ്യങ്ങളില്‍ ഒന്നുപോലും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവത്തതിനാലാണ് കെ എ ടി എഫ് പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നിര്‍ബന്ധിതരായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് ഉടന്‍ സ്ഥിരം നിയമന അംഗീകാരം നല്‍കുക, 2016 മുതല്‍ 2021 വരെ എയ്ഡഡ് സ്‌കൂളുകളില്‍ നോഷണലായി നിയമന അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, ടെറ്റ് സുപ്രിം കോടതി വിധിക്കെതിരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടല്‍ നടത്തുക, അധ്യാപക സംഘടന ഹിത പരിശോധനയുടെ പേരില്‍ കെ ഇ ആര്‍ ഭേദഗതി നീക്കം ഉപേക്ഷിക്കുക, ശമ്പള- ഡി എ കുടിശ്ശിഖകള്‍ ഉടന്‍ വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, അറബി ഭാഷാ പഠനം നിരുല്‍സാഹപ്പെടുത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ലീവ് വേക്കന്‍സി ജോലി ചെയ്ത അധ്യാപകരുടെ സേവനകാലം റിട്ടയര്‍മെന്റ് ഉള്‍പ്പെടെ മുഴുവന്‍ ആനൂകൂല്യങ്ങള്‍ക്കും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണ്ണയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുന്നത്.
എം എല്‍ എമാരായ കെ പി എ മജീദ്, ടി വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, അഡ്വ. എന്‍ ഷംസുദ്ദീന്‍, പി ഉബൈദുല്ല, പി കെ ബഷീര്‍, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, എന്‍ നെല്ലിക്കുന്ന് എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യും.

