
ദോഹ: 2025-ലെ ഗ്ലോബല്‍ സോഷ്യല്‍ പ്രോഗ്രസ് ഇന്‍ഡെക്സില്‍ സാമൂഹിക പുരോഗതിയില്‍ മേഖലാതലത്തില്‍ ഖത്തര്‍ മുന്നില്‍. ലോകത്തിലെ 170 രാജ്യങ്ങളെ വിലയിരുത്തിയ പട്ടികയില്‍ ടിയര്‍2 വിഭാഗത്തില്‍ ഇടംനേടിയ ഖത്തര്‍ 100ല്‍ 73.19 എന്ന സ്കോറോടെ മെനാ മേഖലയില്‍ മൂന്നാം സ്ഥാനവും ആഗോളതലത്തില്‍ 50-ാം സ്ഥാനവും സ്വന്തമാക്കി.

കോവിഡിന് ശേഷം ആഗോള സാമൂഹിക പുരോഗതി പൊതുവേ മന്ദഗതിയിലായിരിക്കെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ തുടര്‍ച്ചയായ പ്രതിബദ്ധത പുലര്‍ത്തുന്നുവെന്നതിന്റെ തെളിവാണ് ഈ നേട്ടം. ജി ഡി പി പോലുള്ള സാമ്പത്തിക സൂചികകളില്‍ നിന്ന് പൂര്‍ണമായും വേര്‍തിരിച്ച് പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എത്രമാത്രം നിറവേറ്റുന്നു, ക്ഷേമത്തിന്റെ അടിത്തറകള്‍ എത്രമാത്രം സ്ഥാപിക്കുന്നു, വ്യക്തികള്‍ക്ക് അവരുടെ പരമാവധി കഴിവുകള്‍ പ്രാപിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് അളക്കുന്നത്.

2011 മുതല്‍ മന്ദഗതിയിലുള്ള പുരോഗതി പ്രകടിപ്പിച്ച മെനാ മേഖലയില്‍ തന്നെ സമാന സാമ്പത്തിക പ്രൊഫൈല്‍ ഉള്ള പല രാജ്യങ്ങളെക്കാള്‍ ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സമ്പത്ത് മാത്രമല്ല സാമൂഹിക ഫലങ്ങള്‍ നിര്‍ണ്ണയിക്കുന്നതെന്ന് ഖത്തറിന്റെ നേട്ടം വ്യക്തമാക്കുന്നു.
ബേസിക് ഹ്യൂമന്‍ നീഡ്സ്, ഫൗണ്ടേഷന്‍സ് ഓഫ് വെല്‍ബീയിംഗ്, ഓപ്പര്‍ച്യൂണിറ്റി എന്നീ മൂന്ന് പ്രധാന അളവുകോലുകളിലായി 57 സൂചികകള്‍ അടിസ്ഥാനമാക്കിയുള്ള സമഗ്ര വിലയിരുത്തലാണ് ഇന്‍ഡെക്സ് നടത്തുന്നത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, പരിസ്ഥിതി നിലവാരം, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, വിവര- വിനിമയ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഡെക്സിലെ ഖത്തറിന്റെ ഏറ്റവും ശക്തമായ മേഖലയിലൊന്നാണ് അടിസ്ഥാന ആവശ്യങ്ങള്‍. താമസ സൗകര്യം, ശുദ്ധജലം, ശുചിത്വം, വൈദ്യുതി, വ്യക്തിഗത സുരക്ഷ എന്നിവയിലേക്കുള്ള മികച്ച പ്രവേശനമാണ് ഖത്തറിന് ഉയര്‍ന്ന സ്കോര്‍ നേടിക്കൊടുത്തത്. ദശകങ്ങളായി നടന്ന അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളും ശക്തമായ സാമൂഹിക സംരക്ഷണ സംവിധാനവും മൂലം പൗരന്മാര്ക്കും താമസക്കാര്‍ക്കും ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പാക്കിയിട്ടുണ്ട്. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ആധുനിക നഗരാസൂത്രണം, അവശ്യ സേവനങ്ങളിലേക്കുള്ള സര്‍വസാധാരണ പ്രവേശനം എന്നിവ ഖത്തറിനെ മേഖലയില്‍ തന്നെ വ്യത്യസ്തമാക്കുന്നു.

