
ദോഹ: സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ ഗതാഗത കുറ്റകൃത്യമാണെന്നും ഇതിന് തടവുശിക്ഷയും കനത്ത പിഴയും ഏര്‍പ്പെടുത്തുന്നതാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച ബോധവത്കരണ കുറിപ്പിലാണ് ലൈസന്‍സില്ലാതെ ഡ്രൈവ് ചെയ്യുന്നത് റോഡ് സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഇത്തരം കുറ്റങ്ങള്‍ ഒത്തുതീര്‍പ്പിലൂടെയോ തീര്‍പ്പാക്കലിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയത്.

ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (94) പ്രകാരം, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 10,000 റിയാല്‍ മുതല്‍ പരമാവധി 50,000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ ഈ രണ്ടിലേതെങ്കിലും ശിക്ഷയോ വിധിക്കാവുന്നതാണ്.
അതേസമയം, സാധുവായ ലൈസന്‍സ് ഉണ്ടായിട്ടും പരിശോധന സമയത്ത് ഭൗതിക കാര്‍ഡ് കൈവശമില്ലാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ചെക്ക്പോയിന്റുകളിലോ ട്രാഫിക് പരിശോധനകളിലോ മെട്രാഷ് ആപ്ലിക്കേഷന്‍ മുഖേന ഡിജിറ്റലായി സ്ഥിരീകരിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
ഉത്തരവാദിത്വപരമായ ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ഖത്തറിലെ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ പൊതു ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറത്തിറക്കിയതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

