
ദോഹ: വാരാന്ത്യത്തില്‍ ഖത്തറില്‍ ശക്തമായ കാറ്റും കടലില്‍ ഉയര്‍ന്ന തിരമാലകളും അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ടനുസരിച്ച് ജനുവരി 30, 31 തിയ്യതികളില്‍ താപനില കുറഞ്ഞത് 13 ഡിഗ്രി സെല്‍ഷ്യസും പരമാവധി 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും പകല്‍ സമയത്ത് മിതമായ താപനിലയും രാത്രിയോടെ താരതമ്യേന തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 5 മുതല്‍ 15 നോട്ട് വരെ വീശുമെന്നും പകല്‍ സമയങ്ങളിലും വെള്ളിയാഴ്ചയും ഇത് 20 നോട്ട് വരെ ശക്തിയാര്‍ജ്ജിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറന്‍ മുതല്‍ തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറി മണിക്കൂറില്‍ 3 മുതല്‍ 13 നോട്ട് വരെ വീശാനാണ് സാധ്യത.
കടലില്‍ വെള്ളിയാഴ്ച തിരമാലകള്‍ക്ക് 3 മുതല്‍ 6 അടി വരെ ഉയരമുണ്ടാകുമെന്നും ചില സമയങ്ങളില്‍ ഇത് 8 അടി വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച കടല്‍തീരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ തിരമാല ഉയരം 2 മുതല്‍ 4 അടി വരെയും ആരംഭത്തില്‍ ചിലപ്പോള്‍ 7 അടി വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

