
ദോഹ: ആശയ വൈവിധ്യങ്ങളുടെയും ആദര്‍ശ വൈജാത്യങ്ങളുടെയും സംഗമതീരങ്ങളില്‍ യോജിപ്പിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അപൂര്‍വ മാതൃക സൃഷ്ടിച്ച് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി.

ഗാഢമായ പരസ്പരബന്ധത്തിന്റെയും സ്നേഹസാഹോദര്യത്തിന്റെയും സൗഹൃദാവരണം നിറഞ്ഞ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും വ്യാപാര- വ്യവസായ, സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ച് വരുന്നതായി സംഘാടകര്‍ അറിയിച്ചു.


പ്രാര്‍ഥനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമദാന് ദിനത്തില്‍ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ പരിപാടി എന്തുകൊണ്ടും പ്രശംസനീയമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കട്ടെയെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഐക്യമില്ലായ്മയാണെന്നും ഇന്നത്തെ ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ആഗോള ഐക്യമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

എം ഇ എസ് സ്കൂളില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ യൂണിറ്റി വൈസ് ചെയര്മാന് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ശൈഖ് സക്കരിയ നൂറി ജര്‍മനി (ഫനാര്‍) റമദാന് സന്ദേശം നല്കി. ചീഫ് കോഓര്‍ഡിനേറ്റര്‍ എ പി ഖലീല്‍ സ്വാഗതവും കോഓര്‍ഡിനേറ്റര്‍ മശ്ഹൂദ് വി സി നന്ദിയും രേഖപ്പെടുത്തി. മുഹമ്മദ് ഹബീബുല്ലയുടെ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖാസിം ടി കെ, അഡ്വ. ഇസ്സുദ്ദീന്‍, സക്കരിയ മാണിയൂര്‍, നൗഷാദ് അതിരുമട, ഇല്ല്യാസ് മട്ടന്നൂര്‍, സയ്യിദ് മുഹ്സിന് ബാഫഖി തങ്ങള്‍, പി എസ് എം ഹുസൈന്, ഫാസില്‍ ഹമീദ്, സിറാജ് ഇരിട്ടി, ഷുകൂര്‍ സലാഹി, കെ ടി ഫൈസല്‍ സലഫി എന്നിവര്‍ പ്രസംഗിച്ചു.

