

സാന്‍ സാല്‍വഡോര്‍: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എല്‍ സാല്‍വഡോര്‍ റിപ്പബ്ലിക് പ്രസിഡന്റ് നയിബ് അര്‍മാന്‍ഡോ ബുകെലെയും പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി.

ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും എല്‍ സാല്‍വഡോര്‍ പ്രസിഡന്റിന് അമീര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ നേടിയെടുക്കുന്ന വിധത്തില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ശക്തമായ ഉഭയകക്ഷി സഹകരണ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തന്റെ താത്പര്യം ഊന്നിപ്പറഞ്ഞുകൊണ്ട് സന്ദര്‍ശനത്തില്‍ അമീര്‍ സന്തോഷം പ്രകടിപ്പിച്ചു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും ചര്‍ച്ച ചെയ്തു. നിക്ഷേപം, സമ്പദ്വ്യവസ്ഥ, വ്യാപാരം, നിയമം, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ടും പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങളിലെ വീക്ഷണങ്ങളും ചര്‍ച്ചയില്‍ കൈമാറി.
അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഊര്‍ജകാര്യ സഹമന്ത്രി സാദ് ബിന്‍ ഷെരീദ അല്‍ കാബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, സഹമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എല്‍ സാല്‍വഡോര്‍ റിപ്പബ്ലിക്ക്പ്രസിഡന്റ് അമീറിനും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം ഉച്ചഭക്ഷണ വിരുന്ന് നടത്തി. രാഷ്ട്രപതിയുടെ കൊട്ടാരത്തിലെത്തിയ അമീറിന് നേരത്തെ ഔദ്യോഗിക സ്വീകരണ ചടങ്ങ് ഒരുക്കിയിരുന്നു.

