
മനാമ: ബഹ്‌റൈനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍, യൂണിറ്റ് നീക്കങ്ങള്‍, സൈനിക വാഹനങ്ങള്‍, ഉപകരണങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ ചിത്രീകരണം, പ്രസിദ്ധീകരണം, ദൃശ്യങ്ങള്‍ പങ്കുവെയ്ക്കല്‍, എന്നിവ കര്‍ശനമായി നിരോധിച്ചതായി ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

സുരക്ഷയും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെന്ന് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്നും ബി ഡി എഫ് അറിയിച്ചു. ഈ നിയന്ത്രണം പരമ്പരാഗത മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് ബാധകമാണ്.

നിരോധന പരിധിയില്‍ സൈനിക കേന്ദ്രങ്ങള്‍, സൈനിക പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, റെക്കോര്‍ഡുകള്‍, വിവരങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. കൂടാതെ, സ്ഥിരീകരണമില്ലാത്തതും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും നിരോധന പരിധിയില്‍ ഉള്‍പ്പെടുന്നു. ഈ നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചു.
കൂടാതെ, ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്ന ശ്രമങ്ങള്‍, നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍, എന്നിവയും സൈനികരും പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധന പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

