
ആലുവ: ഇന്ത്യന്‍ റെയില്‍വേയുടെ അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതിയില്‍ നിന്ന് കേരളത്തിലെ പ്രധാന റെയില്‍വേ ഹബ്ബുകളിലൊന്നായ ആലുവയെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബെന്നി ബഹനാന് എം പി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റെയില്‍വേ കവാടമെന്ന നിലയിലും സബര്‍ബന്‍ യാത്രികരുടെ പ്രധാന ആശ്രയമെന്ന നിലയിലും തന്ത്രപ്രധാനമായ സ്ഥാനമുള്ള ആലുവ സ്റ്റേഷനോടുള്ള അവഗണന തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചട്ടം 377 പ്രകാരമാണ് ആവശ്യപ്പെട്ടത്. പ്രതിദിനം ആയിരക്കണക്കിന് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അന്തര്‍സംസ്ഥാന തൊഴിലാളികളും ദീര്‍ഘദൂര യാത്രക്കാരും ആശ്രയിക്കുന്ന സ്റ്റേഷനാണിത്.

ശബരിമല തീര്‍ഥാടന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് പ്രധാന ഇടത്താവളമായി പ്രവര്‍ത്തിക്കുന്ന ആലുവയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. കൂടാതെ കൊച്ചി മെട്രോയുമായുള്ള സംയോജനം വഴി ഇതൊരു മള്‍ട്ടി- മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി നിലവില്‍ മാറിയിരിക്കുകയാണ്. റെയില്‍- വ്യോമ- മെട്രോ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു സ്റ്റേഷനെ ആധുനികവത്ക്കരണ പദ്ധതിയില്‍ നിന്ന് പുറന്തള്ളിയത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്കിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളോ ആധുനികമായ യാത്രീ സൗകര്യങ്ങളോ നിലവില്‍ ആലുവ സ്റ്റേഷനിലില്ല. സംസ്ഥാനത്തെ പല സ്റ്റേഷനുകളും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വികസനത്തിനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആലുവയെ തഴഞ്ഞത് നീതീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ആലുവയുടെ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യം കണക്കിലെടുത്ത് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷന് നവീകരിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന് എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.

