
ദോഹ: ഖത്തറിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ശൂറാ കൗണ്‍സില്‍. തിങ്കളാഴ്ച ദോഹയിലെ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന സ്ഥിരം ആഴ്ച്ച യോഗത്തിലാണ് നിലപാട് ആവര്‍ത്തിച്ചത്. യോഗത്തില്‍ ഹസ്സന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം അധ്യക്ഷത വഹിച്ചു.

ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇറാന് ഖത്തറിനെതിരെ നടത്തിയ ആക്രമണങ്ങള്‍ രാജ്യത്തിന്റെ ദേശീയതയ്ക്കും സുരക്ഷയ്ക്കുമെതിരെയുള്ള ലംഘനമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇതിലൂടെ പൗരന്മാരുടെയും പ്രവാസികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ നേരിട്ട് ഭീഷണിയിലായതോടൊപ്പം അന്താരാഷ്ട്ര നിയമങ്ങളെയും യു എന്‍ ചാര്‍ട്ടറിനെയും ലംഘിക്കുന്ന നടപടിയാണിതെന്നും കൗണ്‍സില്‍ പറഞ്ഞു.

ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റുകള്‍ക്കും പാര്‍ലമെന്ററി സംഘടനകള്‍ക്കും കൗണ്‍സില്‍ നന്ദി രേഖപ്പെടുത്തി. പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവരുമായി സഹകരണം തുടരുമെന്നും വ്യക്തമാക്കി.
സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലാതലത്തിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്രവും സംഭാഷണവും മാത്രമാണ് വഴിയെന്ന് ഖത്തര്‍ വിശ്വസിക്കുന്നതായും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രിയുടെ ആരോപണങ്ങള്‍ കൗണ്‍സില്‍ ശക്തമായി തള്ളി. ഇറാന് നടത്തിയ മിസൈല്‍ ആക്രമണം അമേരിക്കന്‍ താത്പര്യങ്ങള്ക്കെതിരെയായിരുന്നുവെന്നും ഖത്തറിനെ ലക്ഷ്യമിട്ടതല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് കൗണ്‍സില്‍ പറഞ്ഞു. ഇറാന്റെ ആക്രമണം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെയും വ്യവസായ, വാണിജ്യ കേന്ദ്രങ്ങളെയും പ്രധാന പൊതുസൗകര്യങ്ങളെയും ലക്ഷ്യമിട്ടതായും ഇത് ഇസ്ലാമിക സഹോദരത്വത്തിനും നല്ല അയല്രാജ്യബന്ധത്തിനും വിരുദ്ധമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
പ്രാദേശിക സംഘര്‍ഷങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും സംഭാഷണത്തിന് വേദിയൊരുക്കാനും ഖത്തര്‍ തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഇറാന് സ്വീകരിച്ച കടുത്ത നിലപാട് കൗണ്‍സില്‍ ഖേദത്തോടെ രേഖപ്പെടുത്തി.
അതേസമയം, ഇറാന്റെ ഇസ്ലാമിക് റവല്യൂഷണി ഗാര്‍ഡ് കോര്‍പ്സിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘങ്ങളെ ഖത്തറിലെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയതായും കൗണ്‍സില്‍ അറിയിച്ചു. രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ദൗത്യം. കഴിഞ്ഞ ചൊവ്വാഴ്ച സുരക്ഷാ ഏജന്‍സികളുടെ ജാഗ്രതയോടെ ഈ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.
ഖത്തറിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഖത്തര്‍ ആംഡ് ഫോഴ്സിനും ആഭ്യന്തര മന്ത്രാലയത്തിനും കൗണ്‍സില്‍ അഭിനന്ദനം അറിയിച്ചു. രാജ്യത്ത് ആവശ്യമായ സേവനങ്ങള്‍ തടസ്സമില്ലാതെ നല്കാന് രാവും പകലും പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും കൗണ്‍സില്‍ പ്രശംസിച്ചു.
ഇക്കാലയളവില്‍ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പെരുമാറി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച പൗരന്മാരെയും പ്രവാസികളെയും കൗണ്‍സില്‍ അഭിനന്ദിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സംഭവസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂടരുതെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഖത്തറിനെതിരായ ആക്രമണങ്ങളെ അപലപിച്ച് വിവിധ പാര്‍ലമെന്ററി സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനകളും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. അറബ് പാര്‍ലമെന്റ്, അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്, അസോസിയേഷന് ഓഫ് സെനറ്റ്സ്, ശൂറാ ആന്റ് ഇക്വവാലന്റ് കൗണ്‍സില്‍സ് ഇന്‍ ആഫ്രിക്ക ആന്റ് ദി അറബ് വേള്‍ഡ്, പാര്‍ലമെന്ററി അസംബ്ലി ഓഫ് ദി മെഡിറ്ററേനിയന്‍, ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് തുടങ്ങിയ സംഘടനകള്‍ ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും കൗണ്‍സില്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ സുരക്ഷ ലോകസുരക്ഷയുടെ ഭാഗമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ലോക സമാധാനം ഉറപ്പാക്കാന്‍ ജനപ്രതിനിധികളായ പാര്‍ലമെന്റംഗങ്ങള്‍ക്ക് സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സംഭാഷണത്തിന് പ്രോത്സാഹനം നല്‍കാനും നിര്‍ണായക പങ്കുണ്ടെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സെഷന്‍സ് ആന്‍ഡ് കമ്മിറ്റീസ് അഫയേഴ്സ് ഡയറക്ടര്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ഗാനിം അജണ്ട വായിച്ചുകേള്‍പ്പിക്കുകയും അതിലുള്ള വിഷയങ്ങളില്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

