ദീര്‍ഘകാല വികസനത്തിന് ഇന്ത്യ പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് വി അനന്തനാഗേശ്വരന്‍

Web Desk
1 Min Read

കൊച്ചി: ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമാക്കി ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തല്‍ക്ഷണ പരിഹാരങ്ങളെ ആശ്രയിക്കരുതെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടു. കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പോസ്റ്റ് ബജറ്റ് ചര്‍ച്ചാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ നടന്ന പരിപാടിയില്‍ വ്യവസായ- വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

city exchange

ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് വിനോദിനി സുകുമാര്‍ അധ്യക്ഷത വഹിച്ചു. മരിയ അബ്രഹാം, മുന്‍ പ്രസിഡന്റ് പി എം വീരമണി, വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബജറ്റ് ഉള്‍ക്കാഴ്ചകളും വളര്‍ച്ചയ്ക്കുള്ള നയപാതകളും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ മാക്രോ സാമ്പത്തിക പ്രകടനത്തിന് എ പ്ലസ് ഗ്രേഡ് നല്‍കാമെന്ന് നാഗേശ്വരന്‍ പറഞ്ഞു. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പി വളര്‍ച്ച വേഗത്തിലാകുന്നതും വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാകുന്നതും ധനാഭാവം ജി ഡി പിയുടെ 4.4 ശതമാനമായി ചുരുങ്ങിയതും വിദേശനാണയ ശേഖരം 723.6 ബില്യണ്‍ ഡോളറായി ഇരട്ടിയായതും വരുമാന നികുതി അടക്കുന്നവരുടെ എണ്ണം 9.2 കോടി ആയി വര്‍ധിച്ചതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ബജറ്റുമായി ബന്ധപ്പെട്ട് പൊതുമൂലധന ചെലവില്‍ ആറുമടങ്ങ് വര്‍ധനവ് ഉണ്ടായതായും സെമികണ്ടക്ടര്‍, ആണവോര്‍ജ്ജം തുടങ്ങിയ മുന്‍നിര മേഖലകള്‍ക്ക് വലിയ വകയിരുത്തലുകള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. എം എസ് എം ഇ മേഖലക്ക് മൂലധനം, ലിക്വിഡിറ്റി, പ്രൊഫഷണല്‍ സഹായം എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് തലങ്ങളിലായുള്ള പിന്തുണാ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!