
ആലുവ: ഇന്ത്യന് റെയില്വേയുടെ ആധുനികവല്ക്കരണവും വികാസവും 2014ന് ശേഷം മാത്രം സംഭവിച്ചതല്ലെന്നും സ്വതന്ത്ര ഇന്ത്യയുടെ ശില്പികള് ദശാബ്ദങ്ങളായി പടുത്തുയര്ത്തിയ നിസ്തുലമായ പൈതൃകത്തിന്റെ തുടര്ച്ചയാണിതെന്നും ബെന്നി ബെഹനാന് എം പി ലോക്സഭയില് പറഞ്ഞു. റെയില്വേ മന്ത്രാലയത്തിന്റെ ധനാഭ്യര്ഥനയുമായി ബന്ധപ്പെട്ട ചര്ച്ചയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്വേയുടെ ചരിത്രപരമായ നേട്ടങ്ങളെയും മുന് സര്ക്കാരുകളുടെ സംഭാവനകളെയും തമസ്്കരിച്ചുകൊണ്ട് റെയില്വേയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളെ അദ്ദേഹം ശക്തമായി വിമര്ശിച്ചു.

വിഭജനാനന്തരം തകര്ന്നടിഞ്ഞ റെയില്വേ സംവിധാനത്തെ ജവഹര്ലാല് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് അതിവേഗം പുനര്നിര്മ്മിച്ച ചരിത്രം എം പി സഭയില് ഓര്മ്മിപ്പിച്ചു. നാട്ടുരാജ്യങ്ങളുടെ കീഴിലുണ്ടായിരുന്ന 42 വ്യത്യസ്ത റെയില്വേ ശൃംഖലകളെ ഏകോപിപ്പിച്ച് ഏകീകൃത ഇന്ത്യന് റെയില്വേ രൂപീകരിച്ചത് ലോകം കണ്ട ഏറ്റവും വലിയ ഭരണപരമായ ദൗത്യമായിരുന്നു. 1950ല് ചിത്തരഞ്ജന് ലോക്കോമോട്ടീവ് വര്ക്സും 1955ല് പെരമ്പൂരിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയും സ്ഥാപിച്ചത് ഇന്ത്യയെ റെയില്വേ ഉത്പാദനത്തില് സ്വയംപര്യാപ്തമാക്കാനുള്ള ദീര്ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ഇന്ന് നാം കാണുന്ന വന്ദേ ഭാരത് ഉള്പ്പെടെയുള്ള ആധുനിക ട്രെയിനുകള്ക്ക് ആവശ്യമായ നിര്മ്മാണ സൗകര്യങ്ങള് പതിറ്റാണ്ടുകള്ക്ക് മുന്പേ ഇത്തരത്തില് തയ്യാറാക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടങ്ങളില് റെയില്വേ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെയും അദ്ദേഹം പ്രസംഗത്തില് അക്കമിട്ടു നിരത്തി. 1969ല് രാജധാനി എക്സ്പ്രസ്സ് വഴി വേഗതയുടെ പുതിയ ലോകം തുറന്നതും 1984-ല് കൊല്ക്കത്തയില് രാജ്യത്തെ ആദ്യ മെട്രോ യാഥാര്ഥ്യമായതും, 1985-ല് കമ്പ്യൂട്ടറൈസ്ഡ് റിസര്വേഷന് സംവിധാനം കൊണ്ടുവന്നതും റെയില്വേയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില് വിപ്ലവകരമായ മാറ്റങ്ങള് സൃഷ്ടിച്ചു. കപൂര്ത്തലയിലെ റെയില് കോച്ച് ഫാക്ടറിയും ബെംഗളൂരുവിലെ റെയില് വീല് ഫാക്ടറിയും സ്ഥാപിതമായതോടെ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന് സാധിച്ചു. 1997-ല് പൂര്ത്തിയായ കൊങ്കണ് റെയില്വേയും റെയില് പാതകളെല്ലാം ബ്രോഡ്ഗേജിലേക്ക് മാറ്റിയ ‘പ്രൊജക്ട് യൂണിഗേജും’ മുന് സര്ക്കാരുകളുടെ ഇച്ഛാശക്തിക്ക് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന് റെയില്വേ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയായി വളര്ന്നത് പടിപടിയായുള്ള വികസന പ്രവര്ത്തനങ്ങളിലൂടെയാണ്. 2002-ല് ഐ ആര് സി ടി സി വഴി ഓണ്ലൈന് ടിക്കറ്റിംഗ് ആരംഭിച്ചതും റെയില്വേയെ കൂടുതല് ജനകീയമാക്കി. ശാസ്ത്രീയമായ ഭരണനിര്വഹണത്തിനായി റെയില്വേയെ സോണുകളായും ഡിവിഷനുകളായും തിരിച്ചത് കാര്യക്ഷമത വര്ധിപ്പിച്ചു. ഇത്തരം ചരിത്രവസ്തുതകളെ വിസ്മരിച്ചുകൊണ്ട് പുതിയ കാലത്ത് മാത്രമാണ് റെയില്വേയില് മാറ്റങ്ങളുണ്ടാകുന്നത് എന്ന പ്രചാരണം ശരിയല്ലെന്നും മുന്ഗാമികള് പണിത ശക്തമായ അടിത്തറയിലാണ് ഇന്നത്തെ റെയില്വേയുടെ കുതിപ്പെന്നും ബെന്നി ബെഹനാന് എം പി വ്യക്തമാക്കി.

