

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍ എസ് എസ് മുഖപത്രം പാഞ്ചജന്യ ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃസ്ത്യന്‍ സഭകള്‍ കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആര്‍ എസ് എസ് മുഖപത്രം അന്വേഷണ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിലെ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളേജില്‍ യുവതിയും പീഡനത്തിനിരയായ സംഭവം ഉള്‍പ്പെടെ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സഭയ്ക്കും പുരോഹിതന്മാര്‍ക്കുമെതിരെ അന്വേഷണം വേണമെന്നുമാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. 1950നും 2020നും ഇടയിലായാണ് കുട്ടികളെ ചൂഷണത്തിനിരയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ 3000 പുരോഹിതര്‍ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും മറ്റ് ആത്മീയ നേതാക്കളും സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റാളുകളും കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.
പുരോഹിതരുടെ പ്രവര്‍ത്തി നാണക്കേടുണ്ടാക്കിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നു. സംഭവം തനിക്കും സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നുമാണ് മാര്‍പ്പാപ്പ പ്രതികരിച്ചത്. ഇരകളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ സ്വതന്ത്രസമിതി നടത്തിയ അന്വേഷണവും മാര്‍പ്പാപ്പ മാപ്പ് ചോദിച്ചതും ഔപചാരികത മാത്രമാണെന്നും ഇതിന് ശേഷവും സഭയില്‍ പീഡനങ്ങള്‍ തുടരുന്നുണ്ടെന്നും പാഞ്ചജന്യയില്‍ പരാമര്‍ശിക്കുന്നുണ്ട്.

