
തിരുവനന്തപുരം: ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ക്ക് പിണറായി വിജയന്‍ രാജിക്കത്ത് കൊടുത്തയക്കുകയായിരുന്നു.

ഭരണ വിരുദ്ധ വികാരത്തില്‍ പിണറായി ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ മാത്രമാണ് ജയിച്ചു കയറിയത്. പതിമൂന്ന് മുന്‍ മന്ത്രിമാരാണ് പരാജയപ്പെട്ടത്.

102 സീറ്റുകളുമായാണ് യു ഡി എഫ് അധികാരം പിടിച്ചെടുത്തത്. നൂറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
ധര്‍മടത്ത് പിണറായി വിജയനെ വരെ വിറപ്പിച്ചാണ് യു ഡി എഫ് മുന്നേറ്റം നടത്തിയത്. സി പി എമ്മിന്റെ നയങ്ങളെ വിമര്‍ശിച്ച് കളം വിട്ടവരെ കൂടെ ചേര്‍ത്ത് നടത്തിയ മുന്നേറ്റം യു ഡി എഫിന് നേട്ടമായി. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ഇടത് കോട്ടകള്‍ തകര്‍ത്താണ് യു ഡി എഫ് മുന്നേറിയത്. ധര്‍മടത്ത് വോട്ടെണ്ണല്‍ തുടങ്ങി നാലു മണിക്കൂറിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ലീഡ് ലഭിച്ചത്.
കേരള നിയമസഭയില്‍ എന്‍ ഡി എ മൂന്ന് സീറ്റുകള്‍ നേടി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ബി ബി ഗോപകുമാറും എന്‍ ഡി എയുടെ നിയമസഭാ അംഗങ്ങളായി. ഇടതു മുന്നണിയുടെ സീറ്റുകളാണ് എന്‍ ഡി എ പിടിച്ചെടുത്തത് എന്നതും ശ്രദ്ധേയം.
എറണാകുളം ജില്ലയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും കടുത്ത വെല്ലുവിളിയായി ഉയര്‍ന്നുവന്ന ട്വന്റി ട്വന്റി എന്‍ ഡി എയുമായി ചേര്‍ന്നെങ്കിലും തിരിച്ചു വരാനാകാത്ത വിധത്തില്‍ തകര്‍ന്നു തരിപ്പണമായി. താനും മകനും നിയമസഭയിലുണ്ടാകുമെന്ന് പ്രഖ്യാപിച്ച പി സി ജോര്‍ജ്ജിന്റേയും മകന്‍ ഷോണ്‍ ജോര്‍ജിന്റേയും വിലാസമില്ലാതായി തുടങ്ങിയ കാര്യങ്ങളും ഫലത്തില്‍ വെളിവായി.
മുസ്‌ലിം ലീഗാണ് വന്‍ വിജയം നേടിയത്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു കയറി. ഫാത്തിമ തഹലിയ നിയമസഭയിലെ മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എം എല്‍ എയായി. കേരള കോണ്‍ഗ്രസ് മാണിയും കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ളയും നിയമസഭയില്‍ വിലാസമില്ലാത്ത പാര്‍ട്ടികളായി.

