
ദോഹ: ഖത്തര്‍ എയര്‍വെയ്‌സും ഫിലിപ്പൈന്‍ എയര്‍ലൈന്‍സും തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ വിപുലീകരിച്ചു. ഇരു എയര്‍ലൈന്‍സുകളുടെയും സര്‍വീസ് ശൃംഖലകളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കോഡ്ഷെയര്‍ സംവിധാനവും ലോയല്‍റ്റി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

ജൂണ്‍ ഒന്നുമുതല്‍ ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, മനില, സെബു, ക്ലാര്‍ക്ക്, ദാവാവോ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകളില്‍ കോഡ് ഉള്‍പ്പെടുത്തും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പാരിസ്, റോം, ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടെ യൂറോപ്പിലെ 20ലേറെ പ്രധാന നഗരങ്ങളിലേക്കും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനാകും.

അതേസമയം ഖത്തര്‍ എയര്‍വേയ്‌സ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വീസുകളില്‍ കോഡ് ഉള്‍പ്പെടുത്തും. ഇതിലൂടെ മനിലയിലും സെബുവിലും എത്തുന്ന യാത്രക്കാര്‍ക്ക് കാറ്റിക്ലാന്‍ പ്യൂര്‍ട്ടോ പ്രിന്‍സസ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും.
കോഡ്ഷെയര്‍ കരാറിനൊപ്പം ഇരു എയര്‍ലൈന്‍സുകളുടെയും ലോയല്‍റ്റി പദ്ധതികളും തമ്മില്‍ സഹകരണം ശക്തമാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രിവിലേജ് ക്ലബ് പദ്ധതിയും ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ മബുഹായ് മൈല്‍സ് പദ്ധതിയും അംഗങ്ങള്‍ക്ക് പരസ്പര ആനുകൂല്യങ്ങള്‍ നല്‍കും.
ഇതോടെ പ്രിവിലേജ് ക്ലബ്ബിന്റെ 26-ാമത്തെ എയര്‍ലൈന്‍ പങ്കാളിത്തമെന്ന നേട്ടവും കൈവന്നു. അംഗങ്ങള്‍ക്ക് ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ ആഗോള സര്‍വീസ് ശൃംഖലയില്‍ അവിയോസ് പോയിന്റുകള്‍ സമ്പാദിക്കാനും വിനിയോഗിക്കാനും സാധിക്കും. ഓസ്ട്രലേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, അമേരിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള സര്‍വീസുകളിലും സെബു, ക്ലാര്‍ക്ക്, ദാവാവോ ഉള്‍പ്പെടെയുള്ള ഫിലിപ്പൈന്‍ ആഭ്യന്തര നഗരങ്ങളിലേക്കും ഈ സൗകര്യം ലഭിക്കും.
അതേസമയം മബുഹായ് മൈല്‍സ് അംഗങ്ങള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള സര്‍വീസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൈല്‍സ് സമ്പാദിക്കാനും ഉപയോഗിക്കാനും കഴിയും. ആഫ്രിക്കയിലെയും യൂറോപ്പിലെയും നിരവധി കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ഇതിലൂടെ കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അവിയോസ് പോയിന്റുകള്‍ ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, വണ്‍വേള്‍ഡ് പങ്കാളി എയര്‍ലൈന്‍സുകള്‍, ഖത്തര്‍ എക്‌സിക്യൂട്ടീവ് സര്‍വീസുകള്‍ എന്നിവയില്‍ ടിക്കറ്റ് ബുക്കിങ്, അപ്ഗ്രേഡ്, ഹോളിഡേ പാക്കേജുകള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലെ ഷോപ്പിങ്, ഭക്ഷണ ആനുകൂല്യങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭിക്കും.
2025ലെ സ്‌കൈട്രാക്‌സ് വേള്‍ഡ്‌സ് ബെസ്റ്റ് എയര്‍ലൈന്‍ ബഹുമതി നേടിയ ഖത്തര്‍ എയര്‍വേയ്‌സ്, പ്രവര്‍ത്തന മികവിനും സമയനിഷ്ഠയ്ക്കും സിറിയം ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ പ്ലാറ്റിനം അംഗീകാരവും നേടിയിരുന്നു.
അതേസമയം, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് 2025ലെ ഏഷ്യ- പസഫിക് മേഖലയിലെ ഏറ്റവും സമയനിഷ്ഠയുള്ള എയര്‍ലൈന്‍ എന്ന അംഗീകാരം സിറിയത്തില്‍ നിന്ന് നേടി. സര്‍വീസ് കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ കമ്പനി തുടര്‍ച്ചയായി നിക്ഷേപം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

