
ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യബോധത്തോടെ സേവനവും എന്ന മുഖമുദ്രയില്‍ ഐ സി ബി എഫ് 55-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സി റിങ് റോഡിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ നിരവധി സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന, കണ്സള്ട്ടേഷന്, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി.

ക്യാമ്പില്‍ ജനറല്‍ മെഡിസിന്, യൂറോളജി, കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഡെന്റല്‍ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ലഭ്യമാക്കി. ആവശ്യക്കാര്‍ക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു. കൂടാതെ, എഫ് ബി എസ്, ടോട്ടല്‍ കൊളസ്ട്രോള്‍, എച്ച് ഡി എല്‍, യൂറിക് ആസിഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന രക്ത- മൂത്ര പരിശോധനകളും സൗജന്യമായി നടത്തി.


ദോഹയിലെയും പരിസരങ്ങളിലെയും വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 500ലധികം തൊഴിലാളികള്‍ ക്യാമ്പില്‍ നിന്നും പ്രയോജനം നേടി. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ആളുകള്‍ രാവിലെ 6 മണിമുതല്‍ തന്നെ എത്തിച്ചേര്‍ന്നത് ഇത്തരം ആരോഗ്യ ക്യാമ്പുകള്‍ക്കുള്ള വലിയ ആവശ്യകതയെ വ്യക്തമാക്കുന്നതായിരുന്നു.
രജിസ്ട്രേഷന് ഒരു ദിവസം മുന്‍പ് അവസാനിപ്പിച്ചിരുന്നുവെങ്കിലും നിരവധി വാക്ക്-ഇന്‍ രോഗികള്‍ക്കും ചികിത്സയും നിര്‍ദേശങ്ങളും നല്കുകയുണ്ടായി.
ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കല്‍ വിങ് ചുമതലയുള്ള എം സി അംഗം മിനി സിബി നന്ദിയും പറഞ്ഞു.

പരിപാടിക്ക് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ഇര്ഫാന് അന്‍സാരി, അമര്‍ സിംഗ്, ശങ്കര്‍ ഗൗഡ്, ഖാജ നിസാമുദ്ദീന്‍, നീലാംബരി എസ് എന്നിവര്‍ നേതൃത്വം നല്കി. അമേരിക്കന്‍ ആശുപത്രി സി ഇ ഒ ഇഖ്ബാല്‍, മുഖ്യാതിഥിക്ക് പൂച്ചെണ്ട് നല്കി ആദരിച്ചു.
ചടങ്ങില്‍ ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് കെ എസ് പ്രസാദ്, അഡൈ്വസറി കൗണ്‍സില്‍ അംഗം സതീഷ് വി, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി സി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി എന്‍ ബാബുരാജന്, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഐ എസ് സി വൈസ് പ്രസിഡന്റ് സിതെന്തു പാല്, ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, വിവിധ അപെക്സ് ബോഡി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, പ്രമുഖ സമൂഹ നേതാക്കള്‍, ഐ സി ബി എഫ് അനുബന്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

