

കുവൈത്ത് സിറ്റി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷ ഫെബ്രുവരി പത്തിന് നടക്കും. കുവൈത്തില്‍ പരീക്ഷ എഴുതാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മറ്റു ജി സി സി രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്.

പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ജനുവരി 19 വരെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനാണ് ഫൗണ്ടേഷന്റെ പദ്ധതി. നിലവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ഫൗണ്ടേഷന്റെ www.safoundation.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

ഒബ്ജക്ടീവ് ടൈപ് ഫിസിക്കല്‍ പരീക്ഷ രണ്ടു മണിക്കൂറായിരിക്കും. എട്ടാം ക്ലാസ് സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് സയന്‍സ് എന്നിവയെ പരിചയപ്പെടുത്തുന്ന ലളിതമായ ചോദ്യങ്ങളുമാണ് പരീക്ഷാ ചോദ്യാവലിയില്‍ ഉണ്ടായിരിക്കുക. പരീക്ഷയ്ക്കു ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യു നടത്തിയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുകയെന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൗണ്ടേഷന്റെ മാനദണ്ഡമനുസരിച്ച് ബിരുദാനന്തര ബിരുദം വരെ പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സലറും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതാണ് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കുവൈത്തില്‍ 00965 50479590 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

