പുതുയുഗ കേരളം പ്രവാസികള്‍ക്കും പറയാനുണ്ട്; ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നു

Web Desk
2 Min Read

ദോഹ: പുതുയുഗ കേരളം പ്രവാസികള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ പ്രവാസി വെല്‍ഫെയര്‍ ജൂണ്‍ 10 മുതല്‍ 30 വരെ കാമ്പയിന്‍ സംഘടിപ്പിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

പ്രവാസിയുടെ വിയര്‍പ്പും കണ്ണീരും കൊണ്ട് കൂടി നിര്‍മ്മിക്കപ്പെട്ടതാണ് കേരളത്തിന്റെ സമൃദ്ധി. അതിന് പിന്നില്‍ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ത്യാഗത്തിന്റെ ചരിത്രമുണ്ട്. സ്വന്തം മണ്ണ് വിട്ട്, കുടുംബത്തെ പിരിഞ്ഞ്, അന്യദേശങ്ങളില്‍ ജീവിതം പണിതുയര്‍ത്തിയ പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്. ഗള്‍ഫ് പ്രവാസികളാണ് അതില്‍ പ്രഥമ സ്ഥാനത്തുള്ളത്.

ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിന്റെ വികസനത്തെ ഊട്ടിവളര്‍ത്തുന്നു. എന്നിട്ടും പ്രവാസികള്‍ക്ക് നല്‍കേണ്ട അംഗീകാരവും അവകാശ സംരക്ഷണവും അപൂര്‍ണ്ണമായി തുടരുകയാണ്.

പ്രവാസിയുടെ ഏറ്റവും അടിസ്ഥാനപരമായ യാത്രാ പ്രശ്‌നങ്ങള്‍ തൊട്ട് ജീവിതവുമായി ബന്ധപ്പെട്ട രേഖ തയ്യാറാക്കുന്നതിന് വരെ വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ നേരിടുന്നു. കേരള ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളോ അവരുടെ കുടുംബങ്ങളൊ ആയിട്ടും അതിനൊരു പ്രത്യേക മന്ത്രാലയമോ ഓരോ രാജ്യങ്ങളിലും എത്ര മലയാളികള്‍ ഉണ്ടെന്ന കണക്കോ ഇല്ല. ഇങ്ങനെ പ്രവാസ ലോകത്ത് നിന്നും അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും എത്തിക്കാനുള്ള ശ്രമമാണ് കാമ്പയിന്‍.

- Advertisement -
Ad image

ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി മനസ്സുകളെ ഒരു പൊതു ലക്ഷ്യത്തിനു ചുറ്റും അണിനിരത്തുന്ന ഒരു ചരിത്രപരമായ ശ്രമമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലായി ഉയര്‍ന്ന് വന്നതും എന്നാല്‍ രേഖപ്പെടുത്താതെയും പരിഗണിക്കപ്പെടാതെയും പോയ പ്രവാസികള്‍ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളും മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രതീക്ഷകളും ആഗ്രഹങ്ങളും അനുഭവങ്ങളും സമാഹരിച്ച് ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുകയാണ്. ഇങ്ങനെ ജനകീയമായി സമാഹരിക്കപ്പെടുന്ന പ്രശ്‌നങ്ങളും പ്രതീക്ഷകളും ഒരു ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, ജൂണ്‍ അവസാനത്തില്‍ ഖത്തറിലെ പൗരാവലിക്കു മുന്നിലും പുതിയ കേരള സര്‍ക്കാരിന്റെ മുന്നിലും അര്‍ഹമായ ശക്തിയോടും അന്തസ്സോടും കൂടി സമര്‍പ്പിക്കുകയാണ് പ്രവാസി വെല്‍ഫെയര്‍ ലക്ഷ്യമിടുന്നത്. ഇത് ഒരു ഭരണകൂടത്തിനോടുള്ള അപേക്ഷ മാത്രമല്ല, ജനതയുടെ അന്തസ്സിന്റെ പ്രഖ്യാപനം കൂടിയാണ്.

ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കാനായി സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം, സംരംഭകരുടെ സംഗമം, വനിതാ സംഗമം എന്നിവ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയയിലൂടെ പരമാവധി വിവര ശേഖരണം നടത്തും. പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ മൊബൈലില്‍ നിന്ന് എളുപ്പത്തില്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി പ്രത്യേക വെബ്പേജ് തുറക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൂടി അതുവഴി ഈ കാമ്പയിനില്‍ ഭാഗമാവാന്‍ കഴിയും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി, മീഡിയാ സെക്രട്ടറി റബീഅ് സമാന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!