
ദോഹ: റാസ് ലഫാന്‍ എല്‍ എന്‍ ജി കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് ദി വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ആരോപണങ്ങള്‍ ഖത്തര്‍ തള്ളി. ജൂണ്‍ 12ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് വ്യക്തമാക്കി.

ഊര്‍ജ്ജോത്പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന തീരുമാനങ്ങള്‍ ഇറാനുമായി ഏകോപിപ്പിച്ചതാണെന്നോ പ്രാദേശിക സംഘര്‍ഷത്തിന്റെ സ്വാധീനത്തിലാണ് അവ സ്വീകരിച്ചതെന്നോ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങള്‍ യുക്തിരഹിതവും വിശ്വസനീയമല്ലാത്തതുമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സംഭവങ്ങള്‍ നടന്നുവെന്ന് പറയുന്ന സമയത്ത് ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന് ഖത്തര്‍ വ്യക്തമാക്കി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കാനും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ബാധിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അത്തരം വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളെയാണ് വാഷിങ്ടണ്‍ പോസ്റ്റ് ആശ്രയിച്ചതെന്നും മീഡിയ ഓഫീസ് ആരോപിച്ചു.
തങ്ങള്‍ക്ക് നല്കിയ വിശദീകരണങ്ങള്‍ക്കു ശേഷവും റിപ്പോര്‍ട്ടിന്റെ അവതരണരീതി കാലക്രമേണ മാറിയെങ്കിലും അതിന്റെ അടിസ്ഥാന വാദങ്ങള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
റാസ് ലഫാന്‍ എല്‍ എന്‍ ജി കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഖത്തര്‍ വ്യാജ കാരണം കണ്ടെത്തിയെന്ന ആരോപണവും അധികൃതര്‍ തള്ളി.
സംഘര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരിടേണ്ടി വന്നേക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള അടിയന്തര വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് എല്‍ എന്‍ ജി കരാറുകളില്‍ ഫോഴ്സ് മജ്യൂര്‍ പ്രഖ്യാപിച്ചതെന്ന് ഖത്തര്‍ വിശദീകരിച്ചു.
രാജ്യത്തെ പ്രധാന ഊര്‍ജ സൗകര്യങ്ങള്‍ക്കു നേരെ മനുഷ്യജീവന് ഭീഷണിയാകാവുന്ന സാഹചര്യമുണ്ടെന്ന സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് ദീര്‍ഘകാലമായി പിന്തുടരുന്ന നയമാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന്റെ കാരണങ്ങള്‍ തെറ്റായി അവതരിപ്പിച്ചുവെന്ന ആരോപണവും കമ്പനി നിഷേധിച്ചു. യാഥാര്‍ഥ്യബോധമുള്ള വിലയിരുത്തലുകളുടെയും പ്രവര്‍ത്തന സുരക്ഷാ ആവശ്യകതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് ഖത്തര്‍എനര്‍ജി വ്യക്തമാക്കി.
വാണിജ്യ താത്പര്യങ്ങളെക്കാള്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഖത്തര്‍ എല്ലായ്പ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.
സുരക്ഷാ സാഹചര്യങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്കി.
സൂക്ഷ്മമായ ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കൃത്യതയും ഉത്തരവാദിത്വവും പാലിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ഉപകരണമായി ഒരു പ്രമുഖ മാധ്യമസ്ഥാപനം മാറിയെന്നത് അത്യന്തം ഖേദകരമാണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അത് സ്വന്തം വായനക്കാരെ പരാജയപ്പെടുത്തുകയും വ്യാജ ആരോപണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്തിരിക്കുന്നുവെന്നും ഖത്തറിന്റെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

