
കൊച്ചി: ഭാവിയിലേക്കുള്ള കാഴ്ചപ്പാട് പ്രത്യാശയോടെയായിരിക്കണമെന്നും വെല്ലുവിളികളില്‍ നിന്നും പുറത്തു കടക്കാന്‍ കൃത്യമായ ഉത്തരത്തോടൊപ്പം ശരിയായ നേതൃത്വവും ആവശ്യമാണെന്ന് കൊച്ചി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സെന്റര്‍ ഹെഡ് അരുണ്‍ നാരായണന്‍ തെക്കേതില്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റില്‍ മാനവ അല്‍ഗോരിതം; നേതൃത്വത്തിന്റെ നിത്യപ്രസക്ത ഘടകങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തില്‍ ചില വ്യക്തികള്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റിയതുപോലെ, ചില കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തെ വലിയ തോതില്‍ മാറ്റാന്‍ കഴിയും. മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ മാത്രമല്ല സാധിക്കുകയെന്നും ചെറിയ സംഘങ്ങള്‍ക്കു പോലും ആഗോളതലത്തില്‍ സ്വാധീനം ചെലുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയില്‍ സഹാനുഭൂതി വര്‍ധിക്കുകയും സുസ്ഥിര ഭാവിയെ കുറിച്ചുള്ള ചിന്ത ഉണ്ടാവുകയുംചെയ്യുന്നത് സന്തോഷകരമാണെന്നും ആളുകള്‍ പൂര്‍ണമായും സ്വാര്‍ഥരല്ലെന്ന വിശ്വാസം പ്രത്യാശ സമ്മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബുദ്ധിശക്തി കൂടുതല്‍ വികസിക്കുന്നതോടെ കൂടുതല്‍ അറിവും കൂടുതല്‍ ജനാധിപത്യവത്ക്കരണവുമുണ്ടാകുന്നുവെന്നും അത്തരം സംവിധാനങ്ങളില്‍ നേതൃത്വം കൂടുതല്‍ ദൃശ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവുക എന്നതല്ല നല്ല നേതൃത്വം. തീരുമാനങ്ങളുടെ ഗുണനിലവാരവും ബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ഗുണമേന്മയുമാണ് നേതാവിന്റെ വിവേചനശേഷി തെളിയിക്കുന്നത്.
ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കുക, വിശ്വാസവും ബന്ധങ്ങളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുക, നവീകരണത്തിനും പഠനത്തിനും വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കുക എന്നിവയാണ് ഭാവിയിലെ നേതൃത്വത്തിന്റെ പ്രധാന തൂണുകളെന്നും അദ്ദേഹം വിശദമാക്കി.
കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

