
ഡാലസ്: ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ജൈത്ര യാത്ര തുടരുന്നു. രണ്ട് ഗോളുകളും മെസി സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ ലോകകപ്പ് ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന ബഹുമതിയും മെസിയുടെ പേരിലായി.

അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി ഫിഫ ലോകകപ്പില്‍ 18 ഗോളുകളുമായാണ് പുതിയ ചരിത്രം കുറിച്ചത്. കളിയുടെ 38-ാം മിനുട്ടിലും എക്സ്ട്രാ ടൈമിലെ അഞ്ചാം മിനുട്ടിലുമാണ് മെസി ഗോള്‍ വല കുലുക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി അവസരം മെസി നഷ്ടപ്പെടുത്തിയെങ്കിലും 38-ാം മിനിറ്റില്‍ ലഭിച്ച ക്രോസിനെ കൃത്യമായി വലയിലെത്തിച്ച് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് എക്സ്ട്രാ ടൈമിലെ അഞ്ചാം മിനുട്ടിലും മെസി മാജിക്ക് ആവര്‍ത്തിക്കുകയായിരുന്നു.
2026 ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളാണ് മെസി ഇതുവരെ നേടിയത്.
അര്‍ജന്റീന ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ പ്രത്യേകതയുള്ള ദിവസമാണ് ജൂണ്‍ 22. കൃത്യം 40 വര്‍ഷം മുമ്പ്, 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡീഗോ മറഡോണ നേടിയ പ്രശസ്തമായ രണ്ട് ഗോളുകള്‍ വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോളും ‘ഗോള്‍ ഓഫ് ദ സെഞ്ചുറി’യും ജൂണ്‍ 22-നായിരുന്നു. മെക്സിക്കോ സിറ്റിയിലെ എസ്താദിയോ അസ്റ്റെക്കയില്‍ നടന്ന ആ മത്സരത്തില്‍ അര്‍ജന്റീന 2-1ന് ജയിച്ചിരുന്നു.
ആ ചരിത്രദിനത്തിന്റെ 40-ാം വാര്‍ഷികത്തില്‍ തന്നെയാണ് മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടത്തിലെത്തിയത്.
ഓസ്ട്രിയക്കെതിരായ ഗോളോടെ അര്‍ജന്റീനയുടെ അവസാന ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ഏഴിലും ആദ്യ ഗോള്‍ നേടിയത് മെസിയാണ്. കൂടാതെ, തുടര്‍ച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. 1958-ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടൈനും 1970-ല്‍ ബ്രസീലിന്റെ ജെയ്ര്സിന്യോയും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
അഞ്ച് ദിവസം മുമ്പ് അള്‍ജീരിയയെ 3-0ന് തകര്‍ത്ത മത്സരത്തില്‍ ഹാട്രിക് നേടിയ മെസി, ഓസ്ട്രിയക്കെതിരെയും തന്റെ മികവ് ആവര്‍ത്തിച്ചു. ഡേവിഡ് അലാബയുടെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ പ്രതിരോധം പലപ്പോഴും നാല് താരങ്ങളെ ഉപയോഗിച്ച് മെസിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഡാലസിലെ ആര്‍ലിങ്ടണിലുള്ള സ്റ്റേഡിയത്തില്‍ ‘കുഞ്ഞുമാന്ത്രികന്‍’ വീണ്ടും നിര്‍ണായക നിമിഷത്തില്‍ ടീമിനായി രക്ഷകനായി.
പെനാല്‍റ്റി നഷ്ടപ്പെട്ട് അരമണിക്കൂറിന് ശേഷം ഗോള്‍ കണ്ടെത്തിയ മെസിക്ക് ഇത് ലോകകപ്പ് 2026ലെ നാലാം ഗോളാണ്.

