
ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനും അടിത്തറ പാകിയതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു. അല്‍ ജസീറ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാനുമായും വിവിധ പ്രാദേശിക രാജ്യങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ആഴ്ചകളോളം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ധാരണാപത്രം യാഥാര്‍ഥ്യമായത്. യുദ്ധം അവസാനിപ്പിക്കുകയും ചര്‍ച്ചകള്‍ക്കായുള്ള ചട്ടക്കൂട് സൃഷ്ടിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാല അനുഭവങ്ങള്‍ അടിസ്ഥാനമാക്കി രൂപീകരിച്ച സ്ഥാപനപരമായ സംവിധാനത്തിലൂടെയാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതെന്നും സാങ്കേതിക സംഘങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ രാഷ്ട്രീയതലത്തില്‍ ഇടപെട്ട് പരിഹരിക്കാനുള്ള സംവിധാനം ഇതിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക- രാഷ്ട്രീയ തലങ്ങളിലായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിലവില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രധാനമായും ആണവ വിഷയത്തെ കേന്ദ്രീകരിച്ചാണെങ്കിലും പ്രാദേശിക സുരക്ഷ, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ വിഷയങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെയും മറ്റ് അറബ് രാഷ്ട്രങ്ങളുടെയും പങ്കാളിത്തത്തോടെ പ്രത്യേക മേഖലാ ചര്‍ച്ചകളിലൂടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍, ജി സി സി അംഗരാജ്യങ്ങള്‍, മറ്റ് അറബ് രാഷ്ട്രങ്ങള്‍ എന്നിവ തമ്മില്‍ ഏകോപനം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരണാപത്രം ഒപ്പുവെച്ചതിനു ശേഷമുള്ള ഘട്ടങ്ങളില്‍ ലബനന്‍, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ വിഷയങ്ങള്‍ വെല്ലുവിളികളായി ഉയര്‍ന്നിരുന്നുവെങ്കിലും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കി ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറും പാക്കിസ്ഥാനും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘങ്ങളും കമ്മിറ്റികളും വഴി മധ്യസ്ഥശ്രമങ്ങള്‍ തുടരുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ കുറച്ച് ഇരു പക്ഷങ്ങളെയും അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയെന്നതാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെയും മേഖലയിലെ നേതാക്കളുടെയും പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധത്തിന്റെയും ജി സി സി രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും ഒരേ മേഖലയിലെ ഭാഗമാണെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയില്‍ സംഘര്‍ഷം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നതിനാല്‍ ചര്‍ച്ചകള്‍ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകളെ സ്വാധീനിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന ശ്രമങ്ങള്‍ ഇതാദ്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു. ലബനന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ലബനന്റെ പരമാധികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 മുതല്‍ ലബനനിലെ ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സാന്നിധ്യം തുടരുന്നതും സിറിയന്‍ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റവും ഗാസയില്‍ നിന്ന് പിന്മാറുന്നതില്‍ വീഴ്ച വരുത്തുന്നതും മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന്റെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനെ ഖത്തര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നില തുടരണം എന്നതാണ് ഖത്തറിന്റെ നിലപാടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 60 ദിവസത്തേക്ക് വാണിജ്യക്കപ്പലുകള്‍ക്ക് സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കാനും കടലിലെ മൈനുകള്‍ നീക്കം ചെയ്യാനും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹോട്ട്ലൈന്‍ സംവിധാനം ഒരുക്കാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും മേഖലാ രാജ്യങ്ങളും തമ്മില്‍ പ്രത്യേക സംഭാഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തിലും നിലവിലെ നയതന്ത്ര മുന്നേറ്റം പ്രതിഫലിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണമാണ് മേഖലയില്‍ സമ്പൂര്‍ണ സ്ഥിരത ഉറപ്പാക്കാനുള്ള ഏക മാര്‍ഗമെന്ന് പറഞ്ഞു.
2023 ഒക്ടോബര്‍ 7-ന് ശേഷം പശ്ചിമേഷ്യ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മേഖലയുടെ ഭാവിയെ പുനര്‍നിര്‍വചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ പ്രധാന ലക്ഷ്യം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക- ഇറാന്‍ ചര്‍ച്ചകളിലൂടെ രൂപപ്പെടുന്ന ഏത് കരാറും ഇരു രാജ്യങ്ങളെ മാത്രമല്ല, മുഴുവന്‍ മേഖലയുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാല്‍ അതീവ ഉത്തരവാദിത്തത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്നും ഖത്തര്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

