

കുറ്റ്യാടി: പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീറും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സ്ഥാപക അംഗവുമായ ടി കെ അബ്ദുല്ല (92) അന്തരിച്ചു. കുറ്റ്യാടി ചെറിയ കുമ്പളത്തെ വസതിയിലായിരുന്നു അന്ത്യം.

1972- 79, 1982- 84 കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു. തുടക്കം മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചന സമിതിയംഗവുമാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്.

പ്രബോധനം വാരികയുടെ മുന്‍ ചീഫ് എഡിറ്ററായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പൊതുദര്‍ശനം ഇന്ന് രാത്രി ഏഴു മുതല്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക്ക് സ്‌കൂളില്‍.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ല്യാരുടേയും ഫാത്തിമയുടേയും മകനായി 1929ലാണ് ജനിച്ചത്. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമാ മസ്ജിദ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, കാസര്‍ക്കോട് ആലിയ അറബിക്ക് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. വിദ്യാര്‍ഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. മൗലാന മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദു പരിഭാഷയുടെ ആദ്യഭാഗം ടി ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു. 1959ലാണ് പ്രബോധനത്തില്‍ സഹപത്രാധിപരായത്. 1964ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപരായി ചുമതലയേറ്റു.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചു.
1994ല്‍ പ്രബോധനം ചീഫ് എഡിറ്ററായി. 1995ല്‍ ബോധനം ത്രൈമാസിക മുഖ്യപത്രാധിപരായി.
നടന്നു തീരാത്ത വഴികളില്‍ എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവോത്ഥാന ധര്‍മങ്ങള്‍ ലേഖന സമാഹാരമാണ്. പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ നാഴികക്കല്ലുകള്‍ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമായി ഐ പി എച്ച് ഇഖ്ബാലിനെ കണ്ടെത്തല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞാമി. മക്കള്‍: ടി കെ ഫാറൂഖ് (സെക്രട്ടറി, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ്), ടി കെ എം ഇഖ്ബാല്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കോഴിക്കോട്), ടി കെ സാജിദ.

