
റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമര്‍പ്പിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കിയുള്ള റിയാദ് ഐ സി എഫ് ആംബുലന്‍സ് സേവനത്തിന് ഔദ്യോഗിക തുടക്കമായി. കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ തുടങ്ങിയ വിവിധ മലബാര്‍ ജില്ലകളില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ഈ സംരംഭം വലിയൊരു ആശ്വാസമാകും.

ചികിത്സയ്ക്കിടെ നിര്‍ഭാഗ്യവശാല്‍ മരണപ്പെടുന്ന നിര്‍ധനരായ രോഗികളുടെ മൃതദേഹങ്ങള്‍ തികച്ചും സൗജന്യമായി സ്വദേശങ്ങളിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസ് ഏറെ തുണയാകും. മലബാറിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെയും വീതി കുറഞ്ഞ റോഡുകളിലൂടെയും സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ആധുനിക ഒക്‌സിജന്‍ സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ കൃത്യസമയത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനും ആവശ്യാനുസരണം സുരക്ഷിതമായി തിരികെ വീടുകളിലേക്ക് മാറ്റാനും ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് സേവനം ഏറെ സഹായകരമാകുമെന്ന് റിയാദ് ഐ സി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആംബുലന്‍സ് പദ്ധതിക്കുള്ള ധനസഹായം ഏപ്രില്‍ ഒന്നിന് കോഴിക്കോട് മര്‍കസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഐ സി എഫ് റിയാദ് റീജിയന്‍ ഭാരവാഹികള്‍ ഔദ്യോഗികമായി കൈമാറിയിരുന്നു. പ്രവാസി സമൂഹത്തിന് നാടിനോടുള്ള ജീവകാരുണ്യ പ്രതിബദ്ധതയുടെ മറ്റൊരു ശ്രദ്ധേയമായ മാതൃകയായാണ് സംരംഭം വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി പുതിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ എസ് വൈ എസ് നേതാക്കളായ മുഹമ്മദ് ഫാറൂഖ് നഈമി, റഹ്മത്തുള്ള സഖാഫി എളമരം, മജീദ് കക്കാട്, ഇബ്രാഹിം സഖാഫി താത്തൂര്‍, നാസര്‍ മാസ്റ്റര്‍ ചെറുവാടി എന്നിവരും ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫി മുക്കം, ഐ സി എഫ് റിയാദ് റീജിയന്‍ ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഹുസൈനാര്‍ ഹാറൂനി, മുജീബ് അണ്ടോണ, ജമാല്‍, സമദ് സഖാഫി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിച്ചു.
ആംബുലന്‍സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും പൂര്‍ണ്ണമായ മേല്‍നോട്ടവും എസ് വൈ എസ് കോഴിക്കോട് ജില്ലാ സ്വാന്തനം സമിതിയായിരിക്കും നിര്‍വഹിക്കുക. ജില്ലാ കമ്മിറ്റി മുന്നോട്ട് വെക്കുന്ന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഇതിന്റെ ഓരോ സര്‍വീസുകളും ജനങ്ങള്‍ക്കായി ക്രമീകരിക്കുക. അര്‍ഹരായ രോഗികള്‍ക്ക് സുരക്ഷിതവും സമയബന്ധിതവുമായ യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം ഐ സി എഫ് റിയാദ് റീജിയന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്.
നിര്‍ധനര്‍ക്കായുള്ള ‘ദാറുല്‍ ഖൈര്‍’ ഭവനപദ്ധതി, ‘സ്‌നേഹസ്പര്‍ശം’ മുന്‍പ്രവാസി പെന്‍ഷന്‍ പദ്ധതി, മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് താങ്ങാകുന്ന പ്രവാസി ഫാമിലി റിലീഫ് ഫണ്ട് പദ്ധതി, ഗള്‍ഫില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസഹായം തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ സംഘടന വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇതിനുപുറമെ നിലവില്‍ ഓരോ മാസവും ഗുരുതര രോഗബാധിതരായ ഒട്ടനവധി രോഗികള്‍ക്ക് അടിയന്തര ചികിത്സാ സഹായവും സംഘടന നല്‍കുന്നുണ്ട്. ഒരു വാഹനത്തിന്റെ സമര്‍പ്പണം എന്നതിലുപരി ജീവന്‍ രക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രതീകമായ ഈ പദ്ധതി മലബാറിലെ ആയിരക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയും ആശ്വാസവും പകരുന്ന ഒന്നായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
റിയാദ് ഐ സി എഫ് പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂര്‍, ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍, അല്‍ ഖുദ്സ് കണ്‍വീനര്‍ ഫൈസല്‍ മമ്പാട്, ക്ഷേമകാര്യ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍, പി ആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

