
റിയാദ്: സൗദി പ്രതിരോധ മന്ത്രാലയത്തെയും രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ റാസ് തനൂറയെയും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ചില്ല.

റിയാദില്‍ സ്‌ഫോടനമുണ്ടായതായും റാസ് തനൂറ മേഖലയില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എ എഫ്പ ിയും സമുദ്രസുരക്ഷാ നിരീക്ഷണ ഏജന്‍സിയായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്തു.

സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്താന്‍, തുര്‍ക്കി പ്രതിനിധികളും പങ്കെടുത്ത പ്രാദേശിക സുരക്ഷാ ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആക്രമണവാര്‍ത്ത പുറത്തുവന്നത്.
റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്നും മിസൈല്‍ നേരിട്ട് പതിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നഗരത്തിന് നേരെ വിക്ഷേപിച്ച രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞുനശിപ്പിച്ചതായി സൗദി അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
റാസ് തനൂറ എണ്ണശുദ്ധീകരണശാലയ്ക്കു നേരെ നേരിട്ടുള്ള മിസൈല്‍ ആക്രമണം ഉണ്ടായതായി സൗദി അധികൃതരോ എണ്ണക്കമ്പനിയായ സൗദി അരാംകോയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ് റാസ് തനൂറ. പ്രതിദിനം 5.5 ലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കാനുള്ള ശേഷിയുള്ള ഈ കേന്ദ്രം രാജ്യത്തിന്റെ എണ്ണ വ്യവസായത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മാര്‍ച്ചില്‍ ആരംഭിച്ച പ്രാദേശിക സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളില്‍ ഈ കേന്ദ്രം ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ രണ്ട് സൈനിക ഗതാഗത വിമാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. നജ്‌റാന്‍ വിമാനത്താവളത്തിലുള്ള ഒരു വിമാനത്തെയും ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിലുള്ള മറ്റൊരു വിമാനത്തെയും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞത്.
തെക്കന്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണവും നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ഈ ആക്രമണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

