
കറാച്ചി: അഞ്ച് ജീവനക്കാരുമായി യു എ ഇയിലെ ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാകിസ്ഥാനിലെ ചരക്കുവിമാനം ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപം അറബിക്കടലിന് മുകളില്‍ കാണാതായി. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിനായി അറബിക്കടലില്‍ വ്യാപകമായ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

കെ2 എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന ബോയിങ് 737 ചരക്കുവിമാനമാണ് കാണാതായത്. പ്രാദേശിക സമയം രാത്രി 9.18ഓടെ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടായതായി പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.

തുടര്‍ന്ന് രാത്രി 9.21ഓടെ റഡാര്‍ വിവരങ്ങള്‍ പ്രകാരം വിമാനം അതിവേഗത്തില്‍ ഉയരം കുറയ്ക്കുകയും പെട്ടെന്ന് ദിശമാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ വിമാനവുമായുള്ള റഡാര്‍, റേഡിയോ ബന്ധം പൂര്‍ണമായും നഷ്ടമായി.
കJാച്ചിയില്‍ നിന്ന് ഏകദേശം 155 നോട്ടിക്കല്‍ മൈല്‍ (287 കിലോമീറ്റര്‍) പടിഞ്ഞാറ് അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ച് ജീവനക്കാരെയും വിമാനത്തെയും കണ്ടെത്തുന്നതിനായി അടിയന്തര രക്ഷാസംഘങ്ങള്‍ വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

