വിദ്യാര്‍ഥികളുടെ സര്‍ഗ്ഗശേഷി ഉണര്‍ത്താന്‍ എഫ് സി സി ‘മലയാള മഴ സമ്മര്‍ ബൊനാന്‍സ 2026

Web Desk
1 Min Read

ദോഹ: വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കുകയും വേനല്‍ അവധിയെ കൂടുതല്‍ അര്‍ഥവത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) സംഘടിപ്പിക്കുന്ന ‘മലയാള മഴ സമ്മര്‍ ബൊനാന്‍സ 2026’ ക്രിയേറ്റീവ് സമ്മര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു.

city exchange

ഗ്രേഡ് അടിസ്ഥാനത്തില്‍ ജൂനിയര്‍ (4- 6), പ്രീ-സീനിയര്‍ (7- 9), സീനിയര്‍ (10- 12) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗശേഷിയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ജൂനിയര്‍ വിഭാഗത്തില്‍ ‘എന്റെ വേനല്‍ക്കാല ഓര്‍മ്മകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌ക്രാപ്ബുക്ക് ചലഞ്ച് സംഘടിപ്പിക്കും. പ്രീ-സീനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി വേദിയില്‍ത്തന്നെ നിര്‍വഹിക്കേണ്ട ഓണ്‍ ദി സ്‌പോട്ട് എഴുത്ത് മത്സരവും നടക്കും.

കൂടാതെ, ജൂനിയര്‍, പ്രീ-സീനിയര്‍ വിഭാഗങ്ങള്‍ക്കായി ‘വേനല്‍ക്കാല നിമിഷങ്ങള്‍’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവും സീനിയര്‍ വിഭാഗത്തിനായി ’60 സെക്കന്‍ഡില്‍ എന്റെ വേനല്‍ക്കാല കഥ’ എന്ന വിഷയത്തില്‍ ക്രിയേറ്റീവ് റീല്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisement -
Ad image

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ എന്‍ട്രികളും വിദ്യാര്‍ഥികളുടെ സ്വന്തം സൃഷ്ടികളായിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. സൃഷ്ടിപരത, വിഷയത്തോടുള്ള പ്രസക്തി, അവതരണ മികവ് എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക.

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും മത്സരങ്ങളുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍ഗാത്മക കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും മലയാള മഴ സമ്മര്‍ ബൊനാന്‍സ 2026 എന്ന് എഫ് സി സി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55536801, 66787007 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!