
കൊച്ചി: വ്യക്തിഗതവല്‍ക്കരണവും ഡാറ്റ അധിഷ്ഠിത തീരുമാനങ്ങളുമാണ് ഭാവിയിലെ മാര്‍ക്കറ്റിങ്ങിന്റെ പ്രധാന ശക്തികളെന്നും നിര്‍മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ മനുഷ്യബുദ്ധിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നും മാര്‍ക്കറ്ററും സംരംഭകയും എജുക്കേറ്ററും കണ്‍സള്‍ട്ടന്റുമായ ദിവ്യ പുര്‍ണയ്യ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വിമന്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ മാര്‍ക്കറ്റിംഗ് 101 2026ലും അതിനുശേഷവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ വ്യാപകമായി ശേഖരിക്കപ്പെടുന്നത് സ്വകാര്യതയ്ക്കും വിപണനരംഗത്തിനും ഒരുപോലെ വെല്ലുവിളിയാണ്. സ്മാര്‍ട്ട് വാച്ചുകള്‍, മൊബൈല്‍ ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെ ആരോഗ്യവിവരങ്ങള്‍, വാങ്ങല്‍ ശീലങ്ങള്‍, യാത്രകള്‍, ഇന്റര്‍നെറ്റ് തിരയലുകള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ വ്യക്തിഗത പരസ്യങ്ങള്‍ക്കും വിപണന തന്ത്രങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡാറ്റയുടെ ഉപയോഗത്തില്‍ സുതാര്യതയും ധാര്‍മികതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി മൂല്യം സൃഷ്ടിക്കുന്ന സമീപനമാണ് വിജയകരമായ മാര്‍ക്കറ്റിങ്ങിന്റെ അടിത്തറയെന്നും അവര്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഉപഭോക്താക്കളും സംരംഭകരും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരും മാര്‍ക്കറ്റര്‍മാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താവിനോട് സംസാരിക്കുകയല്ല, മറിച്ച് അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് വനിതാ സംരംഭകരുടെ സാന്നിധ്യം കൂടുതലെന്നും ഇന്ത്യയിലെ ഏകദേശം 20 ശതമാനം സംരംഭങ്ങളില്‍ സ്ത്രീകള്‍ ഉടമസ്ഥരോ സഹഉടമസ്ഥരോ ആണെന്നും അവര്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പ്രോത്സാഹന പദ്ധതികളും സാമ്പത്തിക സഹായങ്ങളും വനിതാ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.
രാജ്യത്തെ ഉപഭോക്തൃ ചെലവ് തീരുമാനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സ്വാധീനിക്കുന്നുണ്ടെങ്കിലും പരസ്യ- വിപണന രംഗം ഇപ്പോഴും സ്ത്രീകളെ പ്രധാന ഉപഭോക്താക്കളായി പൂര്‍ണമായി പരിഗണിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ എം എ വിമന്‍ ലീഡേഴ്‌സ് ഫോറം ചെയര്‍ ഡോ. രാധാ തേവന്നൂര്‍ സ്വാഗതവും കെ എം എ ട്രഷറര്‍ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

