
ദോഹ: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ ഇന്ത്യയുടെ പേരിലും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും പേരിലും ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

നിലവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും രാജകുടുംബത്തിന്റെയും ഖത്തര്‍ ജനതയുടെയും ദുഃഖത്തില്‍ ഇന്ത്യയും പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആധുനികവും സമ്പന്നവുമായ ഖത്തറിന്റെ ശില്‍പിയായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ദീര്‍ഘവീക്ഷണവും നേതൃപാടവവും രാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഊര്‍ജോത്പാദന രംഗത്തും ലോകോത്തര അടിസ്ഥാനസൗകര്യ വികസനത്തിലും ഖത്തറിനെ മുന്‍നിരയിലെത്തിച്ചതിന് പുറമെ വിദ്യാഭ്യാസം, സംസ്‌കാരം, കായികം, മാനവവിഭവ വികസനം എന്നീ മേഖലകളിലും അദ്ദേഹം കൈവരിച്ച മുന്നേറ്റങ്ങള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുരോഗമനപരമായ നയങ്ങളിലൂടെ ഖത്തറിനെ ചലനാത്മകമായ രാഷ്ട്രമാക്കി മാറ്റുകയും അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ശക്തമായ സാന്നിധ്യമായി ഉയര്‍ത്തുകയും ചെയ്ത ഭരണാധികാരി നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് അംബാസഡര്‍ വ്യക്തമാക്കി.
ഇന്ത്യയും ഖത്തറിലെ ഇന്ത്യന്‍ സമൂഹവും പിതൃഅമീറില്‍ നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും എന്നും വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ അമീറായിരിക്കെ 1999, 2005, 2012 വര്‍ഷങ്ങളില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയും പിന്നീട് നിരവധി സ്വകാര്യ സന്ദര്‍ശനങ്ങളും നടത്തുകയും ചെയ്തിരുന്നു. ഖത്തറില്‍ താമസിക്കുന്ന എല്ലാ ജനങ്ങളുടെയും ക്ഷേമത്തില്‍ ആത്മാര്‍ഥ താത്പര്യം പുലര്‍ത്തിയ കരുണാനിധിയായ നേതാവായാണ് ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ ഓര്‍ക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ പിതൃ് അമീറും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പിതൃ അമീറിന്റെ പാരമ്പര്യം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതൃ അമീറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവും ഇന്ത്യയുടെ യഥാര്‍ഥ സുഹൃത്തുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പിതൃ അമീറിനോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് അംബാസഡര്‍ വിപുല്‍ അനുശോചന സന്ദേശം അവസാനിപ്പിച്ചത്.

