
ദോഹ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്’ ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ബോധവത്കരണ സംഗമം സംഘടിപ്പിച്ചു.

കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂര്‍ ഓണ്‍ലൈനായി സംഗമം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്നും യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഷാദ് മോഹന്‍ അധ്യക്ഷത വഹിച്ചു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓണ്‍ലൈന്‍ വീഡിയോ സന്ദേശത്തിലൂടെ പരിപാടിയെ അഭിനന്ദിക്കുകയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു. പാലാ ഡി വൈ എസ് പി സദന് കുട്ടന് ലഹരിവിരുദ്ധ സന്ദേശം നല്കി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പ്രസാദ് ബോധവത്കരണ ക്ലാസ് നയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാരായ ഡോ. ജോയല്‍ മാത്യുവും ഡോ. അന്‍വറും ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം എം ഹാഷിര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര, ജനറല്‍ സെക്രട്ടറി കെ വി ബോബന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രശസ്ത ഗായിക എസ് ജാനകിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ, വിയറ്റ്നാമില്‍ ബോട്ടപകടത്തില്‍ ജീവന് നഷ്ടമായ ഇന്ത്യക്കാരുടെ സ്മരണയ്ക്കായി മൗനം ആചരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ജില്ലാ ചീഫ് പേട്രണ്‍ ചാള്‍സ് ചെറിയാന് നന്ദിയും രേഖപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്രഹാം കെ ജോസഫ്, ബി എം ഫാസില്‍, ബി എം ഹാഷിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

