

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ് ഖത്തര്‍) 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ഖ്യു), യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ (യുണിഖ്) എന്നിവയുടെ സഹകരണത്തോടെ ‘സ്പോട്ട് ദ സ്‌കാം’ എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഖത്തറിലെ നിയമാനുസൃതമായ റിക്രൂട്ട്മെന്റ് പ്രക്രിയകളെക്കുറിച്ചും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ഇരയായി ചതിയില്‍പ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നഴ്സുമാര്‍ക്കും ഹെല്‍ത്ത്കെയര്‍ രംഗത്ത് ജോലി അന്വേഷിക്കുന്നവര്‍ക്കും അവബോധം വളര്‍ത്തുകയാണ് വെബിനാര്‍ ലക്ഷ്യമിടുന്നത്.

ഖത്തറില്‍ അവസരങ്ങള്‍ തേടുന്ന നിരവധി ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പലപ്പോഴും ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഇത് സാമ്പത്തിക നഷ്ടത്തിനും തൊഴില്‍ തിരിച്ചടികള്‍ക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം ചതികളെ എങ്ങനെ തിരിച്ചറിയാമെന്നും തൊഴില്‍ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം എന്നും വിലപ്പെട്ട വിവരങ്ങള്‍ നല്കുന്ന ഓണ്‍ലൈന്‍ വെബിനാര്‍ ഒക്ടോബര്‍ 20ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6:30 മുതല്‍ 7:30 വരെ (ഖത്തര്‍ സമയം വൈകിട്ട് 4 മുതല്‍ 5 വരെ) സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും.
വെബിനാറില്‍ പങ്കെടുക്കാന്‍ സൂം ഐഡി: 859 6256 0857, പാസ്‌കോഡ്: 144004
ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മാനദണ്ഡങ്ങളും റിക്രൂട്ട്മെന്റ് ആവശ്യകതകളും വിശദീകരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് (ഡി എച്ച് പി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വെബിനാറില്‍ അവതരിപ്പിക്കും. ഖത്തറിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി നേടുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളെക്കുറിച്ച് നഴ്സുമാരില്‍ അവബോധം സൃഷ്ടിക്കുന്ന രീതിയിലാണ് വെബിനാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

