

വിശ്വാസികളുടെ ആത്മപരിശുദ്ധിയുടേയും ആത്മാന്വേഷണത്തിന്റേയും സദാചാര നിര്‍മിതിയുടേയും മാസമാണ് റമദാന്‍. 11 മാസത്തോളം ജീവിതത്തിലുണ്ടായ പിഴവുകള്‍ തിരിച്ചറിഞ്ഞ് മോചനം തേടാനും ആത്മസംസ്‌കാരത്തിനും ദൈവാനുഗ്രഹം നേടാനും വലിയ അവസരമാണ് ഈ പവിത്രമാസം ഒരുക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ നോമ്പ് ആരംഭിക്കുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് ഇന്നത്തെ ഇഫ്താറിന് എന്തൊക്കെ വിഭവങ്ങളുണ്ടാക്കാമെന്നാണ്. പല വീടുകളിലും നോമ്പിനുള്ള ഒരുക്കങ്ങള്‍ ആത്മീയ സന്നദ്ധതയെക്കാള്‍ ഭക്ഷണ മികവിനുള്ള അവസരമായാണ് മാറുന്നത്. നോമ്പ് തുറക്കുന്ന സമയത്ത് ഏതു വിഭവങ്ങള്‍ ഉണ്ടാകണം, എത്ര രുചികരമാകണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നടുവില്‍ നോമ്പിന്റെ യഥാര്‍ഥ സന്ദേശം മറന്നു പോകുന്നു.

വെറും ഭക്ഷണാനുഷ്ഠാനത്തിന്റെ പേരല്ല നോമ്പെന്നത്. വിശപ്പിനെയും ദാഹത്തെയും നിയന്ത്രിക്കാനുള്ള ഉപവാസത്തിനപ്പുറം ആത്മീയ ഉണര്‍വിനുള്ള പരിശുദ്ധ യാത്രയുടെ പേരാണത്. ഒരു മാസത്തെ വ്രതം വെറും ഭക്ഷണോത്സവമായി തീര്‍ന്നാല്‍ അതിന്റെ ലക്ഷ്യം നഷ്ടപ്പെടും. അതിനാല്‍, ആത്മീയതയും ദൈവാരാധനയും മുന്‍ഗണന നല്‍കേണ്ടത് അനിവാര്യമാണ്.
നോമ്പിന്റെ യഥാര്‍ഥ സന്ദേശം മനസ്സിലാക്കാന്‍ നമുക്കു കഴിയണം. ആത്മപരിശുദ്ധിയും ആത്മസംസ്‌കാരവും പ്രാധാന്യമാക്കിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്തും ദൈവാരാധനയ്ക്കും പ്രാര്‍ഥനയ്ക്കും കൂടുതല്‍ സമയം മാറ്റിവെച്ചും ആര്‍ഭാടമായ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയും നോമ്പിന്റെ ഉദ്ദേശ്യം മനസ്സിലാക്കി പ്രയാണം തുടരാന്‍ കഴിയട്ടെ
നരകമോചനത്തിനും പാപമോചനത്തിനും പ്രാര്‍ഥിച്ചുകൊണ്ട് പവിത്രമാസത്തിന്റെ ചൈതന്യം ആത്മഹൃദയത്തില്‍ നിറയട്ടെ.
ഭക്ഷ്യമേളയല്ല ആത്മീയ മേളമാണ് നോമ്പെന്ന് ഒന്നുകൂടെ നാം നമ്മെ തന്നെ ഉണര്‍ത്തുക!

നസീഹ മജീദ്

