കടലൊരുപാതി; ഓതേഴ്‌സ് ഫോറം പുസ്തക ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രതിമാസം നടത്തിവരുന്ന പുസ്തക ചര്‍ച്ചയില്‍
‘കടലൊരുപാതി, ആസ്വാദനവും ചര്‍ച്ചയും’ സംഘടിപ്പിച്ചു.

city exchange

കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ തന്‍സീം കുറ്റ്യാടിയുടെ ‘കടലോളം കനമുള്ള കപ്പലുകള്‍’ പ്രമുഖ എഴുത്തുകാരനും അനേകം സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി ടി പരിചയപ്പെടുത്തി.

‘അതിര്‍ത്തികളുടെയും സ്വാതന്ത്ര്യത്തിന്റെയും വേലി കെട്ടുകളോട് കലഹിക്കുന്ന തന്‍സീമിന്റെ കവിതകള്‍, അതിരുകളില്ലാതെ ഭൂമിക്കടിയിലൂടെ എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന വേരുകളെയും ഒരു ദേശത്തു നിന്നും ശേഖരിച്ച ജലകണങ്ങള്‍ മറ്റൊരു ദേശത്ത് മഴയായി പെയ്യുന്ന മഴക്കാറുകളെയും ഉദാഹരണമാക്കുന്നു. 2018ല്‍ പ്രസിദ്ധീകരിച്ച 43 കവിതകളടങ്ങുന്ന ഈ സമാഹാരം നല്ലൊരു കവിതാസ്വദനം നല്‍കുന്നു’ യൂനുസ് പി ടി അഭിപ്രായപ്പെട്ടു.

ഷെരീഫ് സി പിയും ലബീബ് മാഞ്ചേരിയും ചേര്‍ന്ന് എഴുതിയ ‘ഒരു പാതി ഞാന്‍’ എന്ന കവിതാ സമാഹാരത്തിന്റെ അവതരണം, കവിയും സാമൂഹിക പ്രവര്‍ത്തകനും ഓതേഴ്‌സ് ഫോറം ട്രഷറുമായ അന്‍സാര്‍ അരിമ്പ്ര നിര്‍വഹിച്ചു.

- Advertisement -
Ad image

‘നിത്യജീവിതത്തിലെ വിവിധ രംഗങ്ങളെയും സന്ദര്‍ഭങ്ങളെയും അധികരിച്ച് എഴുതപ്പെട്ട കവിതകള്‍ ഏതൊരാള്‍ക്കും ലളിതമായി മനസ്സിലാക്കാവുന്നതാണെന്നും അതേ സമയം, ജീവിതം, സ്വപ്‌നങ്ങള്‍, മരണം തുടങ്ങി വിവിധ ബിംബങ്ങളിലൂടെ പച്ചയായ ജീവിതത്തെ തുറന്ന് കാട്ടുന്നതാണെന്നും’ അന്‍സാര്‍ പറഞ്ഞു.

സദസ്സില്‍ നിന്നുള്ള ഇടപെടലുകള്‍ക്ക് മറുപടിയായി ഗ്രന്ഥരചയിതാക്കള്‍ കവിതകളുടെ പിറവിയെ കുറിച്ചും അവയുടെ രചനാ പാശ്ചാത്തലത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.

ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആക്ടിംഗ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും ഹുസൈന്‍ വാണിമേല്‍ നന്ദിയും പറഞ്ഞു. മുരളി വാളൂരാന്‍ മോഡറേറ്ററായിരുന്നു.

ജോയിന്റ് സെക്രട്ടറി ഷംന ആസ്മിയും വൈസ് പ്രസിഡണ്ട് ശ്രീകല ഗോപിനാഥനും ആശംസകള്‍ പറഞ്ഞു. സുരേഷ് കുവാട്ടില്‍, വൈസ് പ്രസിഡന്റ് അഷറഫ് മടിയാരി തുടങ്ങിയവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

Share This Article
Leave a Comment
error: Content is protected !!