Connect with us

Community

ആരോഗ്യകരവും സുരക്ഷിതവുമായ ഉപവാസം

Published

on


നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മോശം ശീലങ്ങള്‍ അവസാനിപ്പിക്കാനും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമങ്ങള്‍ സ്വീകരിക്കാനുമുള്ള ഒരു അവസരമാണ് റമദാന്‍. പല മത പാരമ്പര്യങ്ങളുടെയും പ്രധാന ഭാഗങ്ങളിലൊന്നാണ് ഉപവാസം. സാധാരണയായി അത് സുരക്ഷിതമായി ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, ഗര്‍ഭധാരണം, മുലയൂട്ടല്‍, പ്രമേഹം അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വ്രതാനുഷ്ഠാനം സാധ്യമാണോ എന്നറിയാന്‍ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ സുരക്ഷിതമായി ഒഴിവാക്കാനോ സമയത്തില്‍ മാറ്റം വരുത്താനോ സാധിക്കുമോ എന്ന കാര്യവും ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഉപവാസ സമയത്ത് അസുഖം തോന്നുന്നുവെങ്കില്‍ വിശ്രമിക്കുകയും പഴച്ചാറുകള്‍ കുടിക്കുകയും ചെയ്യുന്നത് പരിഗണിക്കുക. എന്നിട്ടും ലക്ഷണങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക.
പുലര്‍ച്ചെ മുതല്‍ സൂര്യാസ്തമയം വരെയുള്ള ഉപവാസം വളരെ പ്രതിഫലദമായ പരിശീലനമാണെങ്കിലും അത് ശാരീരിക ആരോഗ്യത്തിന് സവിശേഷമായ വെല്ലുവിളികളും അനുഭവിപ്പിച്ചേക്കാം. ഡോക്ടര്‍ എന്ന നിലയില്‍, ഈ പുണ്യമാസത്തില്‍ സുരക്ഷിതമായും ആരോഗ്യകരമായ ശരീരത്തോടെയും മനസ്സോടെയും ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. നിങ്ങള്‍ ആത്മീയ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിങ്ങളുടെ ശരീരം ശക്തവും ആരോഗ്യകരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

റമദാനിലെ ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ ഉപവാസത്തിന്റെ സമയം കൂടുതലാണെങ്കിലോ ഇതിന് സാധ്യത കൂടുതലാണ്. ഇഫ്താറിനും സുഹൂറിനും ഇടയില്‍ ധാരാളം വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഇതിനെ മറികടക്കാനുള്ള ഒരു പോംവഴി. എട്ടു മുതല്‍ 10 വരെ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം കാപ്പി, ചായ, സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ ദ്രാവക നഷ്ടം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.

തണ്ണിമത്തന്‍, വെള്ളരി, സൂപ്പ് തുടങ്ങി ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ജല സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും.

വിജയകരമായ ഉപവാസം ഉറപ്പാക്കുന്നതില്‍ പോഷകാഹാരം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. പ്രഭാതഭക്ഷണമായ സുഹൂറിന് ധാന്യങ്ങള്‍, ഓട്‌സ്, മുട്ട, തൈര്, പഴങ്ങള്‍ തുടങ്ങി സാവധാനത്തില്‍ ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക. ഇവ ദിവസം മുഴുവന്‍ സുസ്ഥിരമായ ഊര്‍ജ്ജം നല്‍കുകയും ക്ഷീണം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. നോമ്പ് തുറക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സുന്നത്ത് പിന്തുടര്‍ന്ന് ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് ആരംഭിക്കുക. തുടര്‍ന്ന് സമീകൃത ഭക്ഷണത്തിലേക്ക് നീങ്ങുക. ചിക്കന്‍, മത്സ്യം അല്ലെങ്കില്‍ ബീന്‍സ് പോലുള്ള ലീന്‍ പ്രോട്ടീനുകള്‍, ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ ഗോതമ്പ് ബ്രെഡ് പോലുള്ള സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകള്‍, വിവിധതരം പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വറുത്തതും ഉപ്പും പഞ്ചസാരയും കൂടുതല്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. കാരണം അവ ഊര്‍ജ്ജ നഷ്ടം, വയറുവേദന, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.

പ്രമേഹമുള്ളവര്‍ക്ക് ഉപവാസത്തിന് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ആവശ്യമാണ്. പകല്‍ സമയത്തും ഇഫ്താറിന് ശേഷവും പ്രത്യേകിച്ച് സുഹൂറിന് മുമ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക. മരുന്നിന്റേയോ ഇന്‍സുലിന്‍ ഡോസുകളുടെയോ അളവ് ക്രമീകരിക്കാന്‍ ഡോക്ടറുടെ സഹായം തേടണം. രക്തത്തിലെ പഞ്ചസാരയുടെ കുറവ് (തലകറക്കം, വിയര്‍പ്പ് അല്ലെങ്കില്‍ ആശയക്കുഴപ്പം പോലുള്ളവ) അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവിലുള്ള ലക്ഷണങ്ങള്‍ (അതിയായ ദാഹം അല്ലെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ പോലുള്ളവ) അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഉപവാസം അവസാനിപ്പിക്കാന്‍ തയ്യാറാകുക. നിങ്ങളുടെ ആരോഗ്യത്തിനായിരിക്കണം എപ്പോഴും പ്രഥമ പരിഗണന.

നോമ്പ് തുറക്കുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് മറ്റൊരു സാധാരണ പ്രശ്‌നമാണ്. ഒരു നീണ്ട ദിവസത്തെ ഉപവാസത്തിനുശേഷം മികച്ച ഭക്ഷണങ്ങള്‍ കൂടുതല്‍ അളവില്‍ കഴിക്കാനുള്ള പ്രലോഭനമുണ്ടാകും. പക്ഷേ അങ്ങനെ ചെയ്യുന്നത് ശാരീരിക അസ്വസ്ഥത, ദഹനക്കേട്, ശരീരഭാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇടയാക്കും. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പരിശീലിക്കുകയും അതോടൊപ്പം സാവധാനത്തില്‍ കഴിച്ച് ശരീരത്തിന് ദഹിക്കാന്‍ സമയം നല്‍കുകയും വേണം. വിഭവ സമൃദ്ധവും കലോറി നിറഞ്ഞതുമായ ഒരു വിരുന്നിനേക്കാള്‍ വളരെ ഗുണം ചെയ്യുക ലഘുവും സമീകൃതവുമായ ഭക്ഷണമാണ്.

റമദാനില്‍ ഉറക്കം മറ്റൊരു നിര്‍ണായക ഘടകമാണ്. വിശ്രമക്കുറവ് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും മാനസികാവസ്ഥയെ ബാധിക്കുകയും ഊര്‍ജ നില കുറയ്ക്കുകയും ചെയ്യും. പകല്‍ സമയത്ത് ചെറിയ ഉറക്കമാണെങ്കില്‍ പോലും ദിവസവും 7- 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. തറാവീഹ് പ്രാര്‍ഥനകളിലോ സാമൂഹിക ഒത്തുചേരലുകളിലോ വളരെ വൈകി ഉണര്‍ന്നിരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം ഇത് ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.

റമദാനില്‍ മിതമായ വ്യായാമവും പ്രധാനമാണ്. നടത്തം അല്ലെങ്കില്‍ സ്‌ട്രെച്ചിംഗ് പോലുള്ള ലഘു പ്രവര്‍ത്തനങ്ങള്‍ ഫിറ്റ്‌നസും ഊര്‍ജ്ജ നിലയും നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ഉപവാസ സമയങ്ങളില്‍ തീവ്രമായ വ്യായാമങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ നിര്‍ജ്ജലീകരണത്തിനും ക്ഷീണത്തിനും കാരണമാകും. വ്യായാമം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇഫ്താറിന് ശേഷമാണ്. അപ്പോഴായിരിക്കും എല്ലാവരിലും കൂടുതല്‍ ജലാംശവും ഊര്‍ജ്ജസ്വലതയുമുണ്ടാവുന്ന സമയം.

മരുന്ന് കഴിക്കുന്നവര്‍ അതിന്റെ സമയ ക്രമീകരണത്തിന് ഡോക്ടറുമായി ബന്ധപ്പെടേണ്ടതുണ്ട്. ഉപവാസമില്ലാത്ത സമയങ്ങളില്‍ ചില മരുന്നുകള്‍ കഴിക്കാം, മറ്റുള്ളവയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമായി വന്നേക്കാം. വൈദ്യോപദേശമില്ലാതെ ഒരിക്കലും മരുന്നുകള്‍ നിര്‍ത്തുകയോ മാറ്റുകയോ ചെയ്യരുത്. കാരണം അത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഒടുവിലായി പറയാനുള്ളത് ശരീരം ശ്രദ്ധിക്കുക എന്ന കാര്യമാണ്. ഉപവാസമെന്നാല്‍ അതൊരു വ്യക്തിഗത യാത്രയാണ്. ഓരോരുത്തരുടേയും ശരീരം വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. അസ്വസ്ഥത, തലകറക്കം, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ഉപവാസം അവസാനിപ്പിക്കാനും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടാനും മടിക്കരുത്. ഓര്‍ക്കുക, രോഗികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മറ്റ് ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം ഇസ്‌ലാം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണനയുണ്ട്. ശരീരത്തേയും ആരോഗ്യത്തെയും പരിപാലിക്കുകയെന്നതും ആരാധനയാണെന്ന് മറക്കരുത്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ സുരക്ഷിതവും ആരോഗ്യകരവും മികച്ചതുമായ റമദാന്‍ വ്രതം ഉറപ്പാക്കാന്‍ കഴിയും. ഈ അനുഗ്രഹീത മാസം നിങ്ങള്‍ക്ക് സമാധാനവും ശക്തിയും എണ്ണമറ്റ അനുഗ്രഹങ്ങളും നല്‍കുന്നതാകട്ടെ.

ഡോ. അദ്രിജ എസ് മോഹന്‍

error: Content is protected !!