Community
ഖത്തര്‍ മലയാളി നഹ്ജുല്‍ ഹുദയുടെ ഹൃസ്വചിത്രം ‘ഒച്ചി’ന് കാനില്‍ അംഗീകാരം

ദോഹ: ഖത്തറിലെ മലയാളി സംവിധായകന്‍ നഹ്ജുല്‍ ഹുദയുടെ ഹൃസ്വചിത്രം ഒച്ചിന് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നേട്ടം. മികച്ച ഫാമിലി/ ചില്‍ഡ്രന്‍ സിനിമാ വിഭാഗത്തിലാണ് നഹ്ജുല്‍ ഹുദയുടെ ഒച്ച് ജേതാവായത്.


ലോകത്തിന് മുമ്പിലേക്ക് തന്റെ ഗ്രാമത്തെ എത്തിക്കുകയെന്ന നഹ്ജുല്‍ ഹുദയുടെ സ്വപ്‌നമാണ് ഒച്ചിലൂടെ കാനില്‍ പുരസ്‌ക്കാരം നേടി സാക്ഷാത്ക്കരിച്ചത്. നിരവധി നാടകക്കാരുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ മംഗലം പഞ്ചായത്തിലെ ചേന്നര പെരുന്തിരിത്തിയ ഗ്രാമമാണ് ലോകത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടം കൊയ്ത് ഒച്ചിലൂടെ ലോകത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

ഖത്തറിലെ ഹ്യുണ്ടായി കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ് നഹ്ജുല്‍ ഹുദ. ക്ലാസ് മുറിയില്‍ ഒരു വിദ്യാര്‍ഥിനിയിലൂടെ രാഷ്ട്രീയം പറഞ്ഞാണ് ഒച്ച് കാനില്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ച 89 ഹൃസ്വചിത്രങ്ങളില്‍ ആദ്യ സ്ഥാനത്തെത്തിയത്.


നിമ പ്രദീപാണ് ഒച്ചില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എം എം പുറത്തൂര്‍, അരുണിമ, ഉമര്‍ കളത്തില്‍, തിരൂര്‍ മമ്മൂട്ടി, സനോജ്, റിയാസ്, പ്രമോദ് തുടങ്ങി നഹ്ജുല്‍ ഹുദയുടെ ഗ്രാമത്തില്‍ നിന്നുള്ള നിരവധി പേരാണ് ഒച്ചില്‍ വേഷമിട്ടത്. ഒച്ചിനു വേണ്ടി സാജന്‍ കെ റാം സംഗീതവും വാഹിന്‍ ഇന്‍ഫോം ക്യാമറും സന്തോഷ് ഇന്‍ഫോം എഡിറ്റിംഗും നിര്‍വഹിച്ചു.
നഹ്ജുല്‍ ഹുദയുടെ നൂല് എന്ന ഹൃസ്വചിത്രം നേരത്തെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


