

ദോഹ: രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി മൈനകളെ പിടികൂടുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

2024 ജനുവരി മുതല്‍ ഏപ്രില്‍ വരെ രാജ്യത്തുടനീളമുള്ള 20 വ്യത്യസ്ത സ്ഥലങ്ങളിലായി 4,000 പക്ഷികളെ പിടികൂടി. പിടികൂടിയ പക്ഷികളെ നിയന്ത്രിക്കാന്‍ മന്ത്രാലയം 200 കൂടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള മൈന പക്ഷിയാണ് ഖത്തറില്‍ വലിയ പാരിസ്ഥിതിക ഭീഷണിയായി തിരിച്ചറിഞ്ഞത്. 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ മന്ത്രാലയം 3,000 മൈനകളെ പിടികൂടി.
മറ്റ് പക്ഷി വര്‍ഗ്ഗങ്ങളോടുള്ള ആക്രമണാത്മക സ്വഭാവത്തിനും ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും മൈന കാരണമാണെന്നും ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ പക്ഷി സ്പീഷിസുകളില്‍ ഒന്നാണെന്നും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
2009-ലെ മാര്‍ക്കുല പഠനമനുസരിച്ച് ഈ ഇനം കാര്‍ഷിക വിളകള്‍ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. ഇത് ചില പ്രാദേശിക പക്ഷികളുടെ വംശനാശത്തിന് കാരണമാകും.

