

ദോഹ: ഈദ് ഫെസ്റ്റിവല്‍ പ്രഥമ എഡിഷന് കോര്‍ണിഷില്‍ പതിനായിരം മുതല്‍ പതിനയ്യായിരം വരെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം. ബലൂണ്‍ പരേഡ് മുതല്‍ എല്ലാ ദിവസത്തേയും വെടിക്കെട്ട് വരെയുള്ള പരിപാടികളാണ് ഈദ് ഫെസ്റ്റിവലില്‍ അരങ്ങേറുക.

വൈകിട്ട് മൂന്നു മുതല്‍ നാലര വരെയാണ് കോര്‍ണിഷില്‍ പ്രവേശിപ്പിക്കുക. വൈകിട്ട് നാലര മുതല്‍ അഞ്ചര വരെ ഭീമാകാരമായ ബലൂണുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പരേഡ് നടക്കും. സൂപ്പര്‍ മാരിയോ, ഷാര്‍ക്ക്, ദൗ തുടങ്ങിയവയെല്ലാം ബലൂണ്‍ പരേഡിലുണ്ടാകും.

രാത്രി ഏഴര മുതല്‍ ഒന്‍പത് വരെ സംഗീത നിശ അരങ്ങേറും. മുഹമ്മദ് അല്‍ തുര്‍ക്കി, നാസര്‍ അല്‍ കുബൈസി, സുല്‍ത്താന്‍ ഖലീഫ എന്നിവര്‍ സംഗീതം അവതരിപ്പിക്കും. സൗജന്യമായാണ് സംഗീതനിശ അരങ്ങേറുക.
ഇറാഖി സംഗീതജ്ഞനായ അല്‍ തുര്‍ക്കി പോപ്പ് സംഗീതത്തിനാണ് പ്രശസ്തന്‍. ഖത്തരി സംഗീതജ്ഞനായ അല്‍ ഖുബൈസി 2006ലെ ഖത്തര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലാണ് കരിയര്‍ ആരംഭിച്ചത്. സൗദി സ്റ്റാര്‍ സിംഗറാണ് സുല്‍ത്താന്‍ ഖലീഫ.
രാത്രി ഒന്‍പത് മണിക്കാണ് വെടിക്കെട്ട് അരങ്ങേറുക. വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണങ്ങളൊരുക്കിയ ഭക്ഷ്യ സ്റ്റാളുകള്‍ പ്രധാന പ്രത്യേകതയായിരിക്കും.

