
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സാഹചര്യം മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കന്‍ സേനയ്ക്കാണെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

‘ഇറാനുമായുള്ള സാഹചര്യം വളരെ നന്നായി പോകുന്നു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ക്ക് അതിന്റെ നിയന്ത്രണമുണ്ട്; മറ്റാര്‍ക്കും ഇല്ല. ഞങ്ങളുടെ നാവികസേന അതിശക്തമാണ്. അമേരിക്കയ്ക്ക് കാര്യങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്,’ ട്രംപ് പറഞ്ഞു.

ഇറാനെ വിശ്വസിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാനെ വിശ്വസിക്കുന്ന അവസാനത്തെ വ്യക്തിയായിരിക്കും ഞാന്‍. അവര്‍ നിരന്തരം എന്നോട് കള്ളം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഞങ്ങള്‍ക്കാണ്. ഇറാന് നിയന്ത്രണമില്ല,’ അദ്ദേഹം പറഞ്ഞു.
അമേരിക്കയെ വെല്ലുവിളിക്കാന്‍ ഇറാന് ശ്രമിച്ചാല്‍ ‘അവര്‍ തകര്‍ത്തെറിയപ്പെടും’ എന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അതേസമയം, യുദ്ധനഷ്ടപരിഹാരം നല്‍കുകയും ഉപരോധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ വാഷിംഗ്ടണ്‍ നിരവധി നിബന്ധനകള്‍ അംഗീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞു. തന്ത്രപ്രധാനമായ ജലപാത ഒഴിവാക്കാന്‍ കപ്പല്‍ ഉടമകള്‍ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയതായി നിരീക്ഷിച്ച കപ്പലുകളുടെ എണ്ണം ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
റോയിട്ടേഴ്സ് ഉദ്ധരിച്ച കെപ്ലര്‍ കപ്പല്‍ ഗതാഗത വിവരങ്ങള്‍ പ്രകാരം ചൊവ്വാഴ്ച എട്ട് കപ്പലുകളാണ് കടലിടുക്ക് കടന്നത്. 10 ദിവസത്തെ ശരാശരിയായ 12 കപ്പലുകളേക്കാള്‍ കുറവാണിത്. ആഗസ്റ്റ് 5ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമാണിത്.
അതേസമയം, എല്‍എസ്ഇജി പുറത്തുവിട്ട പ്രത്യേക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 11 കപ്പലുകളാണ് കടലിടുക്ക് കടന്നത്. തൊട്ടുമുമ്പത്തെ ദിവസം ഇത് 14 ആയിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് മുമ്പുള്ള കാലയളവില്‍, പ്രതിദിനം സാധാരണയായി 130 മുതല്‍ 140 വരെ കപ്പലുകളാണ് ഇതുവഴി കടന്നുപോയിരുന്നത്.

