
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഉപരോധനീക്കത്തെ തള്ളി ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി. അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ട്രംപിന്റെ പുതിയ നീക്കമെന്നും ‘സാമ്പത്തിക ഡി-ഡേ’ എന്ന് വിശേഷിപ്പിക്കുന്ന നടപടി വാഷിങ്ടണിന് കൂടുതല്‍ പരാജയം മാത്രമേ സമ്മാനിക്കൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

ഇറാനും അമേരിക്കയും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള ‘കടുത്ത സാമ്പത്തിക നടപടി’ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന് സാമ്പത്തികമായി സഹായം നല്കുന്ന ഏത് രാജ്യത്തിനെതിരെയും ശക്തമായ സാമ്പത്തിക തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ ‘അഭൂതപൂര്‍വമായ കടവും കുതിച്ചുയരുന്ന പലിശച്ചെലവും’ ഉള്‍പ്പെടെയുള്ള ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നീക്കമെന്ന് അറാഖ്ചി എക്സിലെ പോസ്റ്റില്‍ ആരോപിച്ചു.
പരാജയപ്പെട്ട നയങ്ങളില്‍ വീണ്ടും ഉറച്ചുനില്‍ക്കുന്നത് അമേരിക്കയ്ക്ക് കൂടുതല്‍ പരാജയങ്ങള്‍ മാത്രമേ ഉണ്ടാക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ‘സാമ്പത്തിക ഭീകരത’ ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അറാഖ്ചി ആരോപിച്ചു.
ട്രംപിന്റെ ‘കടുത്ത സാമ്പത്തിക നടപടി’ പ്രഖ്യാപനത്തോട് ഇറാന് വിദേശകാര്യ സഹമന്ത്രി കസെം ഗരീബാബാദിയും പ്രതികരിച്ചു. അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില ‘തെറ്റായ കണക്കുകൂട്ടലുകള്‍’ ഉണ്ടായതായി അദ്ദേഹം എക്സില്‍ കുറിച്ചു.
‘ഇത് മറച്ചുവെക്കാന്‍ ഓരോ തവണയും അവര്‍ തങ്ങള്‍ക്കുതന്നെ കൂടുതല്‍ വലിയ പരാജയം സൃഷ്ടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. സൈനിക യുദ്ധം ഫലം കണ്ടില്ല. ഇപ്പോള്‍ അടുത്ത പരാജയത്തിന് അവര്‍ ‘സാമ്പത്തിക യുദ്ധം’ എന്ന് പേരിട്ടിരിക്കുകയാണ്,’ ഗരീബാബാദി പറഞ്ഞു.

