നോര്‍ത്ത് ഈസ്റ്റിനെ തുരത്തി ബ്ലാസ്റ്റേഴ്‌സ്

Web Desk
3 Min Read

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1ന് തുരത്തി ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അതിമനോഹര തിരിച്ചുവരവ്. ജോര്‍ജ് ഡയസും അല്‍വാരോ വാസ്‌കസും സുന്ദരഗോളുകളുമായി കളം പിടിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ആയുഷ് അധികാരി രണ്ട് മഞ്ഞക്കാര്‍ഡ് വഴങ്ങി പുറത്തായതിനെ തുടര്‍ന്ന് പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. വാസ്‌കസിന്റെ ഗോള്‍ ഇതിനുശേഷമായിരുന്നു. അവസാന കളിയില്‍ ബംഗളൂരു എഫ് സിയോട് തോല്‍വി വഴങ്ങിയിരുന്നു. 13 കളിയില്‍ 23 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്.

city exchange

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ റുയ്-വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരായിരുന്നു. മധ്യനിരയില്‍ പുയ്ട്ടിയക്ക് പകരം ആയുഷ് അധികാരിയെത്തി. ജീക്ണ്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റു താരങ്ങള്‍. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസും അല്‍വാരോ വാസ്‌കസും. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വലയ്ക്ക് മുന്നില്‍ സുഭാശിഷ് റോയ്. പ്രതിരോധത്തില്‍ മഷൂര്‍ ഷെരീഫ്, സക്കറിയ ഡിയാല്ലോ, ഗുര്‍ജീന്ദര്‍ കുമാര്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍. മധ്യനിരയില്‍ ജോ സോഹെര്‍ലിയാന, പ്രഗ്യാന്‍ ഗൊഗോയ്, ഹെര്‍ണന്‍ സന്റാന. മുന്നേറ്റത്തില്‍ മാര്‍കോ ഷാനെക്, വി സുബൈര്‍, മാഴ്സെലീന്യോ.

തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അഞ്ചാം മിനിറ്റില്‍ ആയുഷ് അധികാരി പന്തുമായി മുന്നേറി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ പിന്നിലാക്കി വലതുഭാഗത്ത് സഹലിന് പന്തിട്ടു. എന്നാല്‍ സഹലിന്റെ ക്രോസ് കൃത്യമായിരുന്നില്ല. പന്ത് പുറത്തേക്ക് പോയി. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് വച്ച് വി പി സുഹൈര്‍ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് തൊട്ടരുമ്മി കടന്നുപോയി. പതിമൂന്നാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് നോര്‍ത്ത് ഈസ്റ്റിനെ വിറപ്പിച്ചു. ഇടതുഭാഗത്ത് നിഷുകുമാറിനാണ് കിട്ടിയത്. നിഷുവിന്റെ വോളി മഷൂര്‍ തടയുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ജോര്‍ജ് ഡയസിന്റെ ബോക്സിന് പുറത്തുനിന്നുള്ള അടി പുറത്തുപോയി. പിന്നാലെ നിഷുവിന്റെ ക്രോസ് ബോക്സിലേക്ക് കൃത്യമായി ഇറങ്ങിയെങ്കിലും സഹലിന് എത്തിപ്പിടിക്കാനായില്ല.

- Advertisement -
Ad image

ഇതിനിടെ മാഴ്സെലീന്യോയുടെ നേതൃത്വത്തില്‍ നോര്‍ത്ത് ഈസ്റ്റ് ആക്രമണത്തിന് ഇറങ്ങി. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ചെറുത്തു. അരമണിക്കൂര്‍ തികയുമ്പോള്‍ സഹലിന്റെ നീക്കം പ്രതീക്ഷ നല്‍കിയതാണ്. ഒറ്റയ്ക്ക് മുന്നേറിയ സഹല്‍ ബോക്സിന് മുന്നില്‍വച്ച് ആയുഷിന് പന്ത് നല്‍കി. പക്ഷേ, ആയുഷിന് ലക്ഷ്യം കാണാനായില്ല. പന്ത് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടി തെറിച്ചു. 40-ാം മിനിറ്റില്‍ ജോര്‍ജ് ഡയസിനെ തടയാനുള്ള ശ്രമത്തിനിടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും കോര്‍ണര്‍ വഴങ്ങി. ലൂണയുടെ കോര്‍ണറില്‍ ജീക്‌സണ്‍ ശക്തമായി തലവച്ചു. പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരവും അതായിരുന്നു. ആദ്യ പകുതിയില്‍ പന്ത് നിയന്ത്രണത്തിലും പാസുകളിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ആറ് കോര്‍ണറുകളും കിട്ടി. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല.

രണ്ടാംപകുതിയുടെ തുടക്കവും ബ്ലാസ്റ്റേഴ്‌സ് നിയന്ത്രണത്തിലാക്കി. വാസ്‌കസിന്റെ ഒന്നാന്തരം ലോങ് റേഞ്ച് ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 55-ാം മിനിറ്റില്‍ നിഷുവിന്റെ ഇടതുപാര്‍ശ്വത്തിലൂടെയുള്ള കുതിപ്പ് പ്രതിരോധം തടഞ്ഞു. പിന്നാലെ മറ്റൊരു നിമിഷവും പിറന്നു. ബോക്‌സിലേക്കുള്ള തകര്‍പ്പന്‍ ക്രോസ്. ജോര്‍ജ് ഡയസ് സുന്ദരമായി പന്ത് നിയന്ത്രിച്ച് അടി തൊടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധം വീണ്ടും ഇടപെട്ടു. തൊട്ടടുത്ത നിമിഷം വാസ്‌കസിന്റെ കരുത്തുറ്റ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷില്‍ തട്ടിത്തെറിച്ചു. ആക്രമണം നിര്‍ത്തിയില്ല. നിരന്തരമായി മുന്നേറി. ഒരു തവണ ലൂണയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് ഗോളില്‍നിന്ന് അകന്നത്. ഖബ്രയുടേതായിരുന്നു ക്രോസ്. എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വല തകര്‍ത്തു. ഡയസിന്റെ മിന്നുന്ന ഹെഡര്‍. നിഷുവിന്റെ ക്രോസില്‍നിന്നായിരുന്നു തുടക്കം. ഇടതുഭാഗത്തുനിന്നുള്ള നിഷുവിന്റെ ക്രോസ് ബോക്‌സില്‍ ഖബ്രയ്ക്ക്. ഖബ്ര തല കൊണ്ട് കുത്തി. വലയ്ക്ക് മുന്നില്‍ ഡയസിലേക്ക്. ഡയസിന്റെ ഹെഡര്‍ സുഭാശിഷിനെ കീഴടക്കി.

പിന്നാലെ കളിയിലെ ആദ്യ മാറ്റം വരുത്തി. സഹലിന് പകരം വിന്‍സി ബരെറ്റോ കളത്തിലിറങ്ങി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി അടുത്ത നിമിഷം കിട്ടി. രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി ആയുഷ് പുറത്ത്. ബ്ലാസ്റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. ആളെണ്ണം കുറഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ ബാധിച്ചില്ല. ഒന്നാന്തരം കളിയിലൂടെ കളംനിറഞ്ഞു. 82-ാം മിനിറ്റില്‍ അതിമനോഹര ഗോളിലൂടെ വാസ്‌കസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത വാസ്‌കസ് നിന്നനില്‍പ്പില്‍ ഒന്നാന്തരം അടിപായിച്ചു. 55 വാര ദൂരത്തുനിന്നുള്ള ആ ഉഗ്രന്‍ ഷോട്ട് സുഭാശിഷിന് എത്തിപ്പിടിക്കാനായില്ല. സീസണിലെ തന്നെ ഏറ്റവും മനോഹര ഗോളായിരുന്നു അത്.

പിന്നാലെ ഡയസിന് പകരം സന്ദീപ് സിങ് കളത്തിലെത്തി. ഹോര്‍മിപാമിന് പകരം എണെസ് സിപോവിച്ചും നിഷുവിന് പകരം ധെനെചന്ദ്ര മീട്ടിയുമെത്തി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ പൂര്‍ണ നിയന്ത്രണത്തിലായി കളി. അതിനിടെ ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഈ മാസം പത്തിന് ജംഷഡ്പൂര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share This Article
Leave a Comment
error: Content is protected !!