150 വൈഡ് ബോഡി വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം സജ്ജമാക്കി ഖത്തര്‍ എയര്‍വേയ്സ്

Web Desk
1 Min Read

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ 150 വൈഡ് ബോഡി വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം സജ്ജമാക്കി. ബോയിങ് 787-9 ഉള്‍പ്പെടെയുള്ള വിമാനങ്ങളിലാണ് അതിവേഗ ഇന്‍-ഫ്‌ളൈറ്റ് വൈഫൈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

city exchange

ബോയിങ് 787-8 വിമാനങ്ങളുടെ സ്റ്റാര്‍ലിങ്ക് സജ്ജീകരണം ഏഴ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കിയ ലോകത്തിലെ ഏറ്റവും വലിയ വൈഡ് ബോഡി വിമാനശേഖരത്തിന്റെ ഓപ്പറേറ്ററായി ഖത്തര്‍ എയര്‍വേയ്സ് മാറി. ബോയിങ് 787 വിമാനശേഖരത്തിലെ മുഴുവന്‍ വിമാനങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

ബോയിങ് 777 വിമാനങ്ങളില്‍ ഒമ്പത് മാസത്തിനുള്ളിലും എയര്‍ബസ് എ350 വിമാനങ്ങളില്‍ വെറും എട്ട് മാസത്തിനുള്ളിലും സ്റ്റാര്‍ലിങ്ക് സജ്ജീകരണം പൂര്‍ത്തിയാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നേട്ടമെന്നും ഖത്തര്‍ എയര്‍വേയ്സ് പറഞ്ഞു. ഇതോടെ ബോയിങ് 777, എയര്‍ബസ് എ350, ബോയിങ് 787 എന്നീ വിമാനങ്ങളടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച വിമാനശേഖരം ഖത്തര്‍ എയര്‍വേയ്സിനുണ്ട്.

പ്രതിദിനം 323 വരെ സ്റ്റാര്‍ലിങ്ക് സൗകര്യമുള്ള സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്. യാത്രയ്ക്കിടെ വേഗതയേറിയതും തടസ്സമില്ലാത്തതുമായ വൈഫൈ സേവനം യാത്രാനുഭവത്തിന്റെ സ്ഥിരം ഭാഗമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അധികൃതര്‍ പറഞ്ഞു.

- Advertisement -
Ad image

സ്റ്റാര്‍ലിങ്ക് വഴി സെക്കന്‍ഡില്‍ 500 മെഗാബിറ്റ് വരെ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കും. 35,000 അടി ഉയരത്തില്‍ യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും യാത്രക്കാര്‍ക്ക് ഈ സേവനം സഹായകമാകും.

2024 ഒക്ടോബറില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചതിനുശേഷം 86,000ലധികം വിമാന സര്‍വീസുകളിലായി 2.3 കോടിയിലധികം യാത്രക്കാര്‍ക്ക് അതിവേഗ ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

വൈഡ് ബോഡി വിമാനങ്ങളുടെ 83 ശതമാനത്തിലധികവും ഇതിനകം സ്റ്റാര്‍ലിങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ സാങ്കേതിക നവീകരണത്തിലും യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും തങ്ങളുടെ നേതൃത്വസ്ഥാനം ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!