ഡോം ഖത്തര്‍ പ്രതിനിധികള്‍ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ (ഡോം ഖത്തര്‍) പ്രതിനിധി സംഘം മലപ്പുറം ജില്ലാ കലക്ടര്‍ ഡോ. വിനോദ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡോം ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍, ലക്ഷ്യങ്ങള്‍, ഭാവി പദ്ധതികള്‍ എന്നിവ പ്രതിനിധികള്‍ ജില്ലാ കലക്ടറെ വിശദമായി പരിചയപ്പെടുത്തി.

city exchange

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍, പ്രവാസികളുടെ സ്‌കില്‍ഡെവലപ്പ്‌മെന്റ്, അപ്‌സ്‌കില്ലിങ്, റിസ്‌കില്ലിങ് പദ്ധതികള്‍, നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവും പുനരുദ്യോഗവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും വിശദമായി ചര്‍ച്ച ചെയ്തു.

ലോകത്തിന്റെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലപ്പുറം സ്വദേശികളുമായി ഏകോപനം നടത്തി, പ്രവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഡോം ഖത്തര്‍ സന്നദ്ധമാണെന്ന് പ്രതിനിധികള്‍ അറിയിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ നിന്നുള്ള വിവിധ സംഘടനകളെയും പ്രവാസി കൂട്ടായ്മകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടറേറ്റ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഡോം ഖത്തറിന്റെ സജീവ സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

- Advertisement -
Ad image

ഡോം ഖത്തര്‍ സംഘടിപ്പിച്ചു വരുന്ന ‘അമല്‍’ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ലക്ഷ്യങ്ങളും വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു. സമൂഹത്തില്‍ ലഹരിവിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനുള്ള ഈ സംരംഭത്തെ ജില്ലാ കലക്ടര്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് വി സി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, വൈസ് പ്രസിഡന്റുമാരായ സി കെ അബ്ദുല്‍ അസീസ്, പി സി നൗഫല്‍ കട്ടുപ്പാറ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജില്ലയുടെ വികസനവും ലക്ഷ്യമിട്ടുള്ള വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുമെന്ന് ഇരു വിഭാഗവും പ്രത്യാശ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!