
റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ തുടരുന്ന അനധികൃത കുടിയേറ്റ പദ്ധതികളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ശക്തമായി അപലപിച്ചു. ഇ1 കുടിയേറ്റ പദ്ധതി ഉള്‍പ്പെടെയുള്ള നടപടികള്‍ അന്താരാഷ്ട്ര നിയമത്തോടുള്ള കടുത്ത വെല്ലുവിളിയും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ വ്യവസ്ഥാപിതമായി തകര്‍ക്കാനുള്ള ശ്രമവുമാണെന്ന് ജി സി സി മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ അധിനിവേശ സേനയുടെ ഇത്തരം നടപടികള്‍ സമാധാനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പറഞ്ഞു.

ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളും പദ്ധതികളും തടയാന്‍ അന്താരാഷ്ട്ര സമൂഹം ഗൗരവമേറിയതും ഉത്തരവാദിത്തപരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൗമശാസ്ത്രപരവും ജനസംഖ്യാപരവുമായ ഘടനയില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിടുന്ന ഏത് നടപടികളെയും എതിര്‍ക്കണമെന്നും അല്‍ ബുദൈവി ആവശ്യപ്പെട്ടു.
1967 ജൂണ്‍ 4-ലെ അതിര്‍ത്തി അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിന് ജി സി സിയുടെ ഉറച്ച പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് സമാധാന പദ്ധതിയുടെയും പ്രസക്തമായ അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിലപാടെന്നും അല്‍ ബുദൈവി കൂട്ടിച്ചേര്‍ത്തു.

