ഖത്തറില്‍ 2026 സീസണില്‍ 284 ഹോക്സ്ബില്‍ കടലാമ കൂടുകള്‍ കണ്ടെത്തി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ 2026ലെ ഹോക്സ്ബില്‍ കടലാമകളുടെ പ്രജനന സീസണില്‍ 284 കൂടുകള്‍ കണ്ടെത്തിയതായി പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വന്യജീവി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും കൂടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ സീസണില്‍ 219 കൂടുകളായിരുന്നു രേഖപ്പെടുത്തിയത്.

city exchange

ഫുവൈരിത്ത് ബീച്ചില്‍ മാത്രം 67 കൂടുകള്‍ കണ്ടെത്തി. ഇവിടെനിന്ന് 3,875 കുഞ്ഞന്‍ കടലാമകളെ വിജയകരമായി കടലിലേക്ക് എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ ഒന്നിന് ആരംഭിച്ച 2026ലെ ഹോക്സ്ബില്‍ കടലാമകളുടെ പ്രജനന സീസണ്‍ ഓഗസ്റ്റ് ഒന്നിനാണ് അവസാനിച്ചത്. കുഞ്ഞന്‍ കടലാമകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയച്ചതോടെയാണ് സീസണ്‍ സമാപിച്ചത്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിന്റെയും ഭാഗമായി മന്ത്രാലയം നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്.

കടലാമകള്‍ക്ക് കൂടൊരുക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഉറപ്പാക്കുന്നതിനായി സീസണിലുടനീളം പ്രത്യേക ഫീല്‍ഡ് പദ്ധതികളും നിരീക്ഷണ പട്രോളിങ്ങും നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. അല്‍ ഹുവൈല, അല്‍ ജസാസിയ, അല്‍ മര്‍റൂന, അല്‍ ഗരിയ, അല്‍ മുഫൈര്‍ എന്നിവയുള്‍പ്പെടെ പ്രധാന പ്രജനന കേന്ദ്രങ്ങളിലും ഖത്തറിലെ വിവിധ തീരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

- Advertisement -
Ad image

ഈ നടപടികള്‍ പ്രജനന സീസണിന്റെ വിജയത്തിനും രാജ്യത്തിന്റെ കടലാമ സംരക്ഷണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സഹായകമായതായി മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ എനര്‍ജിയുടെയും ഖത്തര്‍ സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് സെന്ററിന്റെയും സഹകരണത്തോടെ 2003ലാണ് മന്ത്രാലയത്തിന്റെ ഹോക്സ്ബില്‍ കടലാമ സംരക്ഷണ പദ്ധതി ആരംഭിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പദ്ധതിയുടെ ഭാഗമായി 60,000ത്തിലധികം ഹോക്സ്ബില്‍ കടലാമക്കുഞ്ഞുങ്ങളെ ഖത്തറിന്റെ സമുദ്ര ആവാസവ്യവസ്ഥയിലേക്ക് വിജയകരമായി തിരിച്ചയച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ സംരക്ഷണത്തിനും രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും പദ്ധതി നിര്‍ണായക സംഭാവന നല്‍കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!